താമസിക്കാതെ പട്ടാളക്കാര്‍ പൂര്‍ണമായും അപ്രത്യക്ഷമായേക്കും; പകരം എത്തുന്നത് നാലുകാലിലെ എഐ റോബോട്ടുകള്‍

താമസിക്കാതെ പട്ടാളക്കാര്‍ പൂര്‍ണമായും അപ്രത്യക്ഷമായേക്കും; പകരം എത്തുന്നത് നാലുകാലിലെ എഐ റോബോട്ടുകള്‍

Breaking News Europe

താമസിക്കാതെ പട്ടാളക്കാര്‍ പൂര്‍ണമായും അപ്രത്യക്ഷമായേക്കും; പകരം എത്തുന്നത് നാലുകാലിലെ എഐ റോബോട്ടുകള്‍

വാഷിംഗ്ടണ്‍: ഇനി മനുഷ്യ പട്ടാളക്കാരുടെ സേവനം ഭൂമിയില്‍ ഇല്ലാതാകുമോ? ഈ ചോദ്യത്തിനു ബലം പകരുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.

മിഡില്‍ ഈസ്റ്റിലെ സൈനിക കേന്ദ്രത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത തോക്ക് ഘടിപ്പിച്ച റോബോട്ട് ഡോഗുകളെ അവതരിപ്പിച്ച യു.എസ്. സൈന്യം ഞെട്ടിപ്പിച്ചിരിക്കുകയാണ്.

സൌദി അറേബ്യയിലെ റെഡ് സാന്‍ഡ്സ് ഇന്റഗ്രേറ്റഡ് എക്സ്പെരിമെന്റേഷന്‍ സെന്ററില്‍ പരിശീലനം നടത്തുന്ന റോബോട്ട് ഡോഗിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഡ്രോണുകളുടെയും മറ്റ് ആളില്ലാ ആകാശ പേടകങ്ങളെയും തുരത്തുന്നതിന്റെ ഭാഗമായിട്ടാണ് റോബോട്ടുകളെ പരിശീലിപ്പിക്കുന്നത്.

നായ്ക്ക് സമാനമായി നാല് കാലുകളോടു കൂടിയ റോബോട്ട് ഡോഗിന്റെ മുകളില്‍ ചുറ്റിത്തിരിക്കാന്‍ കഴിയുന്നവിധം എആര്‍15/ എം16 പാറ്റേണിലെ റൈഫിള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഓഗസ്റ്റില്‍ ന്യുയോര്‍ക്കിലെ ഫോര്‍ട്ട് ഡ്രമില്‍ ഇതുപോലൊരു റോബോട്ട് സിസ്റ്റം യു.എസ്. സൈന്യം പരീക്ഷിച്ചിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇതുപോലുള്ള ഗ്രൌണ്ട് ഓട്ടോണമസ് ആയുധങ്ങളുടെ പരീക്ഷണം യു.എസ്. പ്രതിരോധ വകുപ്പ് വ്യാപകമാക്കിയിട്ടുണ്ട്.

ഭാവിയില്‍ യുദ്ധ ഭൂമികളില്‍ ഇവയെ വിന്യസിക്കുന്നത് ആള്‍നാശം ഒഴിവാക്കാന്‍ സഹായിക്കും.

യു.എസിനെ കൂടാതെ മറ്റ് ചില രാജ്യങ്ങളും ഇത്തരത്തില്‍ കോംബാറ്റ് റോബോട്ടുകളെ വിന്യസിക്കുന്നുണ്ട്. മേയില്‍ കംബോഡിയായില്‍ നടന്ന സൈനികഅഭ്യാസത്തിനിടെ അസോള്‍ട്ട് റൈഫില്‍ ഘടിപ്പിച്ച തദ്ദേശിയമായി വികസിപ്പിച്ച റോബോട്ട് ഡോഗിനെ ചൈന അവതരിപ്പിച്ചിരുന്നു.

മനുഷ്യ ഇടപെടല്‍ ഇല്ലാതെ ലക്ഷ്യങ്ങള്‍ തിരഞ്ഞു പിടിച്ച് ആക്രമിക്കാന്‍ ശേഷിയുള്ള ഓട്ടോണമസ് ആയുധങ്ങള്‍ പ്രതിരോധ മേഖലയില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചാണ് രാജ്യങ്ങള്‍ ഇന്ന് ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതുപോലുള്ള മാരക നിര്‍മ്മിത ബുദ്ധി ആയുധങ്ങളുടെ വ്യാപനം ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും ഒരു വിഭാഗം ഗവേഷകര്‍ ആശങ്കപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.