കൊച്ചിയില്‍ അവശേഷിച്ച അവസാനത്തെ യഹൂദ വനിത ക്വീനി ഹലേഗ്വ യാത്രയായി
കൊച്ചി: ചരിത്രവും ഒട്ടേറെ ഓര്‍മ്മകളും മലയാളികള്‍ക്ക് സമ്മാനിച്ചുകൊണ്ട് കൊച്ചിയില്‍ അവശേഷിച്ചിരുന്ന അവസാനത്തെ യഹൂദ വനിത ക്വീനി ഹലേഗ്വ (89) യാത്രയായി. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
കൊച്ചിയിലെ ജൂതത്തെരുവില്‍ അവശേഷിച്ചിരുന്ന രണ്ട് യഹൂദ വംശജരില്‍ ഒരാളായിരുന്നു ക്വീനി. കൊച്ചിയില്‍ പ്രമുഖ വ്യവസായിയായിരുന്ന എസ് കോഡറിന്റെ മകളാണ്.
മട്ടാഞ്ചേരി പരദേശി സിന്നഗോഗിന്റെ മാമേജിംഗ് പാര്‍ട്ട്ണറുമായിരുന്നു. എസ് കോഡര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് പാര്‍ട്ട്ണറുമായിരുന്നു. കൊച്ചി പ്രദേശത്തിന്റെ സമഗ്ര വികസനത്തിനു വലിയ സംഭാവന നല്കിയ കുടുംബത്തിലെ അംഗമാണിവര്‍.
കൊച്ചിയില്‍ വൈദ്യുതി വിതരണം, ബോട്ട് സര്‍വ്വീസ് എന്നിവയൊക്കെ ആദ്യമായി ഏര്‍പ്പെടുത്തിയത് ഇവരുടെ കുടുംബമാണ്.
ഭര്‍ത്താവ് പരേതനായ സാമുവല്‍ ഹലേഗ്വ. മക്കള്‍ ഫിയോണ, ഡേവിഡ് ഇരുവരും യു.എസ്.എ., മരുമക്കള്‍ അലം, സിസി. മരണ സമയത്ത് മക്കള്‍ അടുത്തുണ്ടായിരുന്നു. യഹൂദ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം മട്ടാഞ്ചേരിയിലെ യഹൂദ സെമിത്തേരിയില്‍ സംസ്ക്കാരം നടത്തി.
ഭര്‍ത്താവിന്റെ കല്ലറയോടു ചേര്‍ന്നാണ് ക്വീനിയായെയും സംസ്ക്കരിച്ചത്. കൊച്ചിയിലെ യഹൂദ ജീവിതം നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്നതാണ്. മട്ടാഞ്ചേരി ബസാറിനോടു ചേര്‍ന്നുള്ള തെരുവുകളിലെല്ലാം ഒരു കാലത്ത് താമസിച്ചിരുന്നത് യഹൂദരായിരുന്നു.
പരദേശി വിഭാഗത്തില്‍പ്പെട്ടവരും കറുത്ത യഹൂദര്‍ എന്നറിയപ്പെട്ടവരും കൊച്ചിയിലുണ്ടായിരുന്നു. രണ്ടു കൂട്ടര്‍ക്കും പ്രത്യേക സിന്നഗോഗുകളാണ് ഉണ്ടായിരുന്നത്.
കൊച്ചിയിലെ പ്രമുഖ വ്യവസായങ്ങളൊക്കെ നടത്തിയരുന്നതും യഹൂദന്മാരായിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ കൊച്ചിക്ക് സ്വന്തം നിലയില്‍ വൈദ്യുതി വിതരണ സംവിധാനമുണ്ടായിരുന്നു.
കൊച്ചിന് ഇലക്ട്രിക് കമ്പനി എന്ന ആ പ്രസ്ഥാനം നടത്തിയരുന്നത് യഹൂദനായ എസ്എസ് കോഡറായിരുന്നു. പില്ക്കാലത്ത് കമ്പനി സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ഏറ്റെടുത്തു. കൊച്ചിയില്‍ ആദ്യമായി ജലഗതാഗത സര്‍വ്വീസുകള്‍ തുടങ്ങിയതും കോഡറാണ്.
ഒരു സമൂഹത്തിനു ആവശ്യമായ മുഴുവന്‍ നിത്യോപയോഗ വസ്തുക്കളും, വിതരണ കടകളും കോഡറിനുണ്ടായിരുന്നു. കോഡറിന്റെ കട എന്ന പേര് കൊച്ചിയിലെ പഴമക്കാരുടെ മനസ്സില്‍ അത്രയ്ക്ക് ആഴത്തില്‍ പതിഞ്ഞിരുന്നു.
ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ബില്‍ഡിംഗും പ്രസിദ്ധമാണ്. മനോഹരമായ ആ കെട്ടിടം ഇന്നു യഹൂദ സ്മരണ ഉയര്‍ത്തി നിലനില്ക്കുന്നു. കൊച്ചിയിലെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രം ഒന്ന് പരദേശി സിന്നഗോഗെന്നാണ് പറയപ്പെടുന്നത്.
യഹൂദര്‍ തിങ്ങി നിറഞ്ഞ തെരുവിന് അങ്ങനെ ജൂതത്തെരുവ് എന്ന പേരുവന്നു. കൊച്ചിയിലെ യഹൂദരെല്ലാം പലപ്പോഴായി മാതൃദേശമായ യിസ്രായേലിലേക്ക് മടങ്ങിപ്പോയി.
ഇതില്‍ കുട്ടികള്‍ മുതല്‍ പ്രായായവര്‍ വരെയുണ്ടായിരുന്നു. യിസ്രായേലില്‍നിന്നും ഇടയ്ക്കിടെ അവര്‍ കൊച്ചിയില്‍ വരാറുമുണ്ട്. യഹൂദരുടെ പഴയ വീടുകളും അതേപടി നിലനില്‍ക്കുന്നുണ്ട്. പക്ഷെ അതെല്ലാം ഇന്ന് ശൂന്യം മാത്രം.
ഇനി ഈ ചരിത്ര മണ്ണില്‍ അവശേഷിക്കുന്നത് ക്വീനിയുടെ ബന്ധുകൂടിയായ കീറ്റ് ഹലേഗ്വ മാത്രം.

