വരുന്നു വീടിന്റെ ടെറസില്‍ നിന്നും പറന്നുയരാനും ലാന്‍ഡ് ചെയ്യാനും കഴിയുന്ന ഇന്ത്യയുടെ പറക്കും കാര്‍
ന്യൂഡെല്‍ഹി: വീടിന്റെ ടെറസില്‍നിന്നും പറന്നുയരാനും ലാന്‍ഡ് ചെയ്യാനും കഴിയുന്ന ഇന്ത്യുടെ പറക്കും കാര്‍ ഒരുങ്ങുന്നു. ഇലക്ട്രിക് കാര്‍ കോപ്റ്ററുകളുടെ അവതരണത്തില്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയാണ് നിര്‍മ്മാണത്തിനു പിന്നില്‍.
മാതൃ കമ്പനിയായ സുസുക്കിയുമായി ചേര്‍ന്നാണ് ആകാശ വിപണിയിലെ സാദ്ധ്യതകള്‍ മുതലെടുക്കാനായി പുതിയ വാഹനം വികസിപ്പിക്കുന്നത്. ഡ്രോണുകളേക്കാള് വലുതും ഹെലികോപ്റ്ററുകളേക്കാള്‍ ചെറുതുമായ കാര്‍ കോപ്റ്ററുകളില്‍ പൈലറ്റ് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും.
തുടക്കത്തില്‍ ജപ്പാന്, അമേരിക്ക, എന്നീ വിപണികളിലാണ് മാരുതി കാര്‍ കോപ്റ്ററുകള്‍ അവതരിപ്പിക്കുക. അടുത്ത ഘട്ടത്തില്‍ ഇന്ത്യയിലെത്തും.
ഗതാഗത ടെക് കമ്പനികളായ ഒല, ഉബര്‍ എന്നിവയുടെ മാതൃകയില്‍ ആകാശ യാത്രയ്ക്കുള്ള എയര്‍ ടാക്സികളായി ഇവ അവതരിപ്പിക്കാനാണ് പദ്ധതി.
മാരുതിയുടെ ഇന്ത്യയിലെ പ്ളാന്റുകളില്‍ നിര്‍മ്മിച്ച് വിദേശത്തേക്ക് കയറ്റി അയയ്ക്കാനാണ് ആലോചിക്കുന്നത്. ഇതിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനുമായി ചര്‍ച്ച നടത്തുമെന്ന് മാരുതി സുസുക്കിയുടെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
സ്ക്കൈ ഡ്രൈവ് എന്നു പേരിട്ടിരിക്കുന്ന ഇലക്ട്രിക് കാര്‍ കോപ്റ്ററുകള്‍ അടുത്ത വര്‍ഷം ജപ്പാനിലെ ഒസാക്ക പ്രദര്‍ശനത്തില്‍ അവതരിപ്പിക്കും.

