ക്യാന്‍സറിനെ തുരത്താന്‍ വാക്സിന്‍ ഉടനെന്ന് റഷ്യ
മോസ്കോ: ക്യാന്‍സറിനെ തുരത്താനുള്ള വാക്സിനുകള്‍ രാജ്യം ഉടന്‍ പുറത്തിറക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍.
വാക്സിനുകള്‍ അല്ലെങ്കില്‍ ഇമ്മ്യുണോ മോഡുലേറ്ററി മരുന്നുകള്‍ രോഗികള്‍ക്ക് ലഭ്യമാക്കുന്നതിലേക്ക് റഷ്യന്‍ ശാസ്ത്രജ്ഞന്മാര്‍ അടുത്തുകൊണ്ടിരിക്കുകയാണെന്നും പുടിന്‍ പറഞ്ഞു.
താമസിയാതെതന്നെ വ്യക്തിഗത ചികിത്സാ രീതികളില്‍ ഇവ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഏത് തരത്തിലുള്ള ക്യാന്‍സറിനെയാണ് നിര്‍ദ്ദിഷ്ട വാക്സിനുകള്‍ നേരിടുന്നതെന്നോ അവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നോ പുടിന്‍ വെളിപ്പെടുത്തിയിട്ടില്ല.
ലോകത്തില്‍ നിരവധി കമ്പനികളാണ് ക്യാന്‍സര്‍ വാക്സിനുകള്‍ക്കായി പ്രവര്‍ത്തിക്കുന്നത്. വ്യക്തിഗത ക്യാന്‍സര്‍ ചികിത്സകള്‍ ലഭ്യമാക്കുന്ന ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ ജര്‍മ്മനി ആസ്ഥാനമായുള്ള ബയോ-എന്‍ടെക്കുമായി യു.കെ. സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കരാറില്‍ ഒപ്പിട്ടിരുന്നു.
മെഡോണ അടക്കമുള്ള മറ്റ് ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും പരീക്ഷണാത്മക ക്യാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ചെടുക്കുന്നുണ്ട്. കോവിഡ് വൈറസ് കാലത്ത് റഷ്യയുടെ സ്പുട്നിക്-വി ആണ് ലോകത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കോവിഡ് വാക്സിന്‍.
സ്പുട്നിക്കിന്റെ ഫലപ്രാപ്തിയില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ പലതും ചോദ്യം ചെയ്തെങ്കിലും പിന്നീട് ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ അടിയന്തിര ഉപയോഗാനുമതി ലഭിച്ചു.