ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിലൂടെ ശരീരത്തിലെത്തുന്നത് രണ്ടര ലക്ഷം പ്ളാസ്റ്റിക് കണങ്ങള്‍
കുപ്പിവെള്ളം ഒഴിവാക്കാനാവാത്ത ഒരു സംസ്ക്കാരമായി ഇന്ന് നമ്മള് ശീലിച്ചിരിക്കുകയാണ്. എന്നാല്‍ ഒരു സംഘം ഗവേഷകര്‍ നല്കുന്ന മുന്നറിയിപ്പ് നമ്മെയൊക്കെ ഭയപ്പെടുത്തുന്നതാണ്.
ഒരു ലിറ്റര്‍ കുപ്പി വെള്ളത്തില്‍ രണ്ടര ലക്ഷം പ്ളാസ്റ്റിക് കണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. കുപ്പിവെള്ളത്തില്‍ പ്ളാസ്റ്റിക് കണങ്ങളുണ്ടെന്ന ആശങ്കകളുണ്ടായിരുന്നെങ്കിലും ഇതു സംബന്ധിച്ച വ്യക്തമായ പഠന റിപ്പോര്‍ട്ട് ലഭ്യമല്ലായിരുന്നു.
കൊളംബിയ സര്‍വ്വകലാശാലയിലെയും റട്ജേഴ്സ് സര്‍വ്വകലാശാലയിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ഇതിന്റെ റിപ്പോര്‍ട്ട് പ്രൊസീഡിംഗ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് എന്ന മാഗസിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു മൈക്രോമീറ്ററില്‍ താഴെ നീളം അല്ലെങ്കില്‍ മുടി നാരിഴയുടെ ഏഴിലൊന്ന് വീതിയുള്ള പ്ളാസ്റ്റിക് കണത്തെയാണ് നാനോ പ്ളാസ്റ്റിക് എന്നു പറയുന്നത്.
നേരത്തെ കണക്കു കൂട്ടിയിരുന്നതിലും നൂറിരട്ടി നാനോ പ്ളാസ്റ്റിക് കണങ്ങളാണ് കുപ്പി വെള്ളത്തില്‍നിന്ന് കണ്ടെത്തിയിട്ടുള്ളത്. നേരത്തെ ഒന്നു മുതല്‍ 500 മൈക്രോമീറ്ററിനുള്ളില്‍ വരുന്ന മൈക്രോപ്ളാസ്റ്റിക് കണങ്ങളെ മാത്രമാണ് തിട്ടപ്പെടുത്തിയിരുന്നത്.
മനുഷ്യ കോശങ്ങളിലൂടെ തുളച്ചു കയറി രക്തത്തില്‍ പ്രവേശിക്കുന്നതിലൂടെ അവയവങ്ങളെ വരെ തകരാറിലാക്കാന്‍ ശേഷിയുള്ളവയാണ് നാനോപ്ളാസ്റ്റിക്കുകള്.
അമ്മയുടെ പൊക്കിള്‍ക്കൊടിയിലൂടെ ഗര്‍ഭസ്ഥ ശിശുവിലേക്കും നാനോ പ്ളാസ്റ്റിക്കുകള്‍ എത്താന്‍ കഴിയും. ഇത്തരത്തിലുള്ള നാനോ പ്ളാസ്റ്റിക്കുകളുടെ സാന്നിദ്ധ്യം കുപ്പി വെള്ളത്തില്‍ സംശയിച്ചിരുന്നുവെങ്കിലും ഇതു സംബന്ധിച്ച് പഠനം നടത്താന്‍ ആവശ്യമായ സാങ്കേതിക വിദ്യകള്‍ ലഭ്യമല്ലായിരുന്നു.
ഏറ്റവും ചെറിയ പ്ളാസ്റ്റിക് കണികപോലും കണ്ടെത്താന്‍ ശേഷിയുള്ള നൂതന ലേസര്‍ സാങ്കേതിക വിദ്യയാണ് നിലവില്‍ പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ഇത് കുപ്പി വെള്ളത്തില്‍ കണ്ടെത്താനാകുന്ന പ്ളാസ്റ്റിക് കണങ്ങളുടെ എണ്ണം പത്തിലധികം മടങ്ങ് വര്‍ദ്ധിപ്പിച്ചു എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ പ്ളാസ്റ്റിക്കിന്റെ അംഗങ്ങള്‍ കൂടുതലായും വരുന്നത് പ്ളാസ്റ്റിക് കുപ്പിയില്നിന്നുതന്നെയാണെന്നും ബാക്കിയുള്ളവ മലിനീകരണം തടയാന്‍ ഉപയോഗിക്കുന്ന റിവേഴ്സ് ഓസ്മോസിസ് മെംബ്രിന് ഫില്‍ട്ടറില്‍ നിന്നാണെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ച മൂന്ന് കുപ്പി വെള്ള ബ്രാന്‍ഡുകള്‍ ഏതാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

