രാജ്യത്ത് അഞ്ചു വര്‍ഷത്തിനിടെ കാണാതായത് 47,000 കുട്ടികള്‍
ന്യൂഡെല്‍ഹി: രാജ്യത്തു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കാണാതായത് 47,000 കുട്ടികളെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട്.
ഇതില്‍ 71.4 ശതമാനവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2022 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. 2021നെ
അപേക്ഷിച്ച് കുട്ടികളെ കാണാതാകുന്ന കേസുകളില്‍ 7.5 ശതമാനം വര്‍ദ്ധനവുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.
2020-മായി താരതമ്യം ചെയ്യുമ്പോള്‍ 2021-ല്‍ 30.8 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.
എന്നാല്‍ 2019-നെ അപേക്ഷിച്ച് 2020-ല്‍ കേസുകളുടെ എണ്ണത്തില്‍ 19.8 ശതമാനം കുറവുണ്ടായി.
കഴിഞ്ഞ വര്‍ഷം 83,350 കുട്ടികളെ കാണാതായതായി പരാതി ലഭിച്ചിരുന്നു. ഇതില്‍ 20,380 ആണ്‍കുട്ടികളും 62,946 പെണ്‍കുട്ടികളും 24 ട്രാന്‍സ്ജെണ്ടറുകളും ഉള്‍പ്പെടുന്നു.
ഇതില്‍ 80,561 കുട്ടികളെ കണ്ടെത്താനായി. കണ്ടെത്തിയ കുട്ടികളില്‍ 20,254 പേര് ആണ്‍കുട്ടികളും 60,281 പേര് പെണ്‍കുട്ടികളും 26 പേര് ട്രാന്‍സ്ജന്‍ഡറുകളും ആണ്.

