സമുദ്ര നിരപ്പ് ഉയരുന്നു; മുംബൈ അടക്കം നഗരങ്ങള്‍ ഭീഷണിയില്‍
യു.എസ്. ആസ്ഥാനം: ആഗോള താപനം വര്‍ദ്ധിക്കുന്നതുമൂലം സമുദ്ര നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ലോകത്ത് മുംബൈ അടക്കമുള്ള വന്‍ തീരദേശ നഗരങ്ങള്‍ നശീകരണ ഭീഷണിയിലെന്ന് ലോക കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.
2013-നും 2022-നും ഇടയില്‍ ആഗോള ശരാശരി സമുദ്ര നിരപ്പ് ഓരോ വര്‍ഷവും 4.5 മില്ലീമീറ്റര്‍ ഉയര്‍ന്നിട്ടുണ്ട്. ഹരിതഗൃഹ വാതക ബഹിര്‍ഗമനം ഏറ്റവും താഴ്ന്ന നിലയില്‍ തുടരുകയാണെങ്കില്‍പോലും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്ര നിരപ്പ് 0.6 മീറ്റര്‍ ഉയരും.
ലോകമെങ്ങമുള്ള ചെറിയ ദ്വീപുകളിലും മറ്റ് താഴ്ന്ന തീരദേശങ്ങളിലും താമസിക്കുന്ന ദശ ലക്ഷക്കണക്കിനു ജനങ്ങള്‍ ഇതിന്റെ ദുരിതം അനുഭവിക്കേണ്ടതായി വരുമെന്ന് യു.എന്‍ . സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
സമുദ്ര തീരം ഉയരുന്നതിനാല്‍ ലോകത്ത് പത്തില്‍ ഒരാള്‍ക്ക് ഭീഷണിയുണ്ട്. 1900 മുതല്‍ ശരാശരി സമുദ്ര നിരപ്പ് ഉയരുകയാണ്. കടന്നുപോയ 11,000 വര്‍ഷങ്ങളെ അപേക്ഷിച്ച് അവസാനത്തെ 3000 വര്‍ഷങ്ങളിലായി സമുദ്രത്തിലെ ചൂടിന്റെ അളവ് കൂടിയിട്ടുണ്ട്.
ആഗോള താപനം 1.8 ഡിഗ്രിയില്‍ പരിമിതപ്പെടുത്തിയാല്‍ പോലും സമുദ്ര നിരപ്പ് ഉയരും.
ഇന്ത്യയോടൊപ്പം ബംഗ്ളാദേശ്, ചൈന, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളും അപകട ഭീഷണിയിലാണ്.
ന്യുയോര്‍ക്ക് അടക്കം നിരവധി നഗരങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

