ആഗസ്റ്റ് 15-ന് യിസ്രായേലില്‍ ഇന്ത്യന്‍ -യഹൂദ സാംസ്ക്കാരിക ചത്വരം തുറന്നു
എയ്ലാത്ത്: ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അടയാളപ്പെടുത്താന്‍ യിസ്രായേലിലെ എയ്ലാത്ത് നഗരത്തില്‍ ഇന്ത്യന്‍ -യഹൂദ സാംസ്ക്കാരിക ചത്വരം തുറന്നു.
ഇരു രാജ്യങ്ങളും നൂറ്റാണ്ടുകളായി പൈതൃകവും മൂല്യങ്ങളും പങ്കുവെച്ച് പടുത്തുയര്‍ത്തിയ ശക്തമായ ബന്ധത്തിന് ചത്വരം സമര്‍പ്പിക്കുന്നതായി എയ്ലാത്ത് മേയര്‍ എലി ലങ്ക്രി പറഞ്ഞു.
ഇന്ത്യയും യിസ്രായേലും തമ്മിലുള്ള അഗാധമായ ബന്ധത്തിന്റെയും സ്നേഹം, സൌഹൃദം, പരസ്പരം കരുതല്‍ എന്നിവയുടെയും പ്രതീകമാണ് ഇന്ത്യന്‍ -യഹൂദ സാംസ്ക്കാരിക ചത്വരമെന്ന് സ്ക്വയര്‍ ഉദ്ഘാടനം ചെയ്ത മേയര്‍ പറഞ്ഞു.
ഇന്ത്യ-യഹൂദ സമൂഹവും എയ്ലാത്ത് നഗരവും തമ്മിലുള്ള ബന്ധവുമാണ് ഇത് സൂചിപ്പിക്കുന്നത്. ഭൂമി ശാസ്ത്രപരമായ അതിരുകള്‍ മറികടന്നുള്ള ഇന്ത്യയിലെയും യിസ്രായേലിലെയും ജനങ്ങളുടെ ഈ സൌഹൃദം ഭാവി തലമുറകള്‍ക്ക് ഒരു പ്രചോദനമാകട്ടെയെന്ന് ചത്വരത്തിലെ ഫലകത്തില്‍ കുറിച്ചുവച്ചു.
ചത്വരത്തിലെ മതിലിന്റെ രണ്ട് വശങ്ങളിലായി ഇന്ത്യയുടെയും യിസ്രായേലിന്റെയും പതാകകള്‍ ആലേഖനം ചെയ്തിട്ടുണ്ട്. എയ്ലാത്തില്‍ 120ഓളം ഇന്ത്യന്‍ -യഹൂദ കുടുംബങ്ങളും മറ്റ് നിരവധി ഇന്ത്യന്‍ കുടുംബങ്ങളും താമസിക്കുന്നുണ്ട്.

