ഡല്‍ഹിയില്‍ ആരാധനയ്ക്കിടെ ചര്‍ച്ചില്‍ ഹിന്ദു സംഘടനയുടെ ആക്രമണം
ന്യൂഡെല്‍ഹി: ഡല്‍ഹിയില്‍ ഞായറാഴ്ച സഭായോഗം നടക്കുന്നതിനിടെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ ആക്രമണം. താഹിര്‍പൂരിലെ സീയോന് പ്രാര്‍ത്ഥനാ ഭവന് ചര്‍ച്ചിലെ ആരാധന നടക്കുന്നതിനിടെ രാവിലെ 10.30-ന് ജയ് ശ്രീറാം വിളിച്ചെത്തിയ വിഎച്ച്പി പ്രവര്‍ത്തകര്‍ ചര്‍ച്ചില്‍ കൂടിവന്നവരെ മര്‍ദ്ദിക്കുകയും ഫര്‍ണീച്ചറുകളും സംഗീതോപകരണങ്ങളും തകര്‍ക്കുകയും ബൈബിളുകള്‍ നശിപ്പിക്കുകയും ചെയ്തു.
ഞങ്ങള്‍ ഹിന്ദു രാഷ്ട്രം സ്ഥാപിക്കും ജയ് ശ്രീറാം എന്ന് സ്പീക്കറിലൂടെ വിളിച്ചു പറഞ്ഞാണ് സംഘം എത്തിയത്. ആരാധന നിര്‍ത്തുവാന്‍ ആവശ്യപ്പെടുകയും ചെയ്തതായി മര്‍ദ്ദനത്തിനിരയായവര്‍ പറഞ്ഞു.
ചര്‍ച്ചില്‍ മതപരിവര്‍ത്തനത്തിനുള്ള ശ്രമം നടന്നതായും ഇത് അനുവദിക്കാനാവില്ലെന്നുമാണ് ആക്രമണം നടത്തിയവരുടെ വാദം. വൈകിട്ട് ചര്‍ച്ച് അധികൃതര്‍ ജി.ടി.ബി. എന്‍ക്ളേവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് എത്തിയപ്പോള്‍ നൂറോളം വരുന്ന വിഎച്ച്പി ബജറംഗദള്‍ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടുകയും ജയ് ശ്രീറാം വിളിക്കുകയും ചെയ്തു.
വടികളും മറ്റുമായാണ് ആക്രമണത്തിനെത്തിയതെന്നും സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും ഒരാളെ അറസ്റ്റു ചെയ്തതായും പോലീസ് അറിയിച്ചു. ചര്‍ച്ചിനു സമീപം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും പ്രതികളെ കണ്ടെത്താന്‍ സുരക്ഷാ ക്യാമറകള്‍ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ 13 വര്‍ഷമായി ഇവിടെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടന്നു വരുന്നതായും നേരത്തെ ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും സഭാ ശുശ്രൂഷകന് പാസ്റ്റര്‍ സത്യപാല്‍ ഭട്ടി പറഞ്ഞു.

