ദിനോസറുകള്‍ രാജസ്ഥാനിലേക്കു കടന്നു: വര്‍ഷങ്ങള്‍ക്കു മുമ്പ്
ജയ്പൂര്‍ : സസ്യഭുക്കായ ഒരിനം ദിനോസറിന്റെ ലോകത്തെ ഏറ്റവും പഴക്കമുള്ള ഫോസില്‍ രാജസ്ഥാനിലെ ജയ്സാല്‍മറില്‍ കണ്ടെത്തി.
16.7 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ഈ ദിനോസറിന്റെ ഫോസില്‍ ഇന്ത്യയില്‍ കണ്ടുവരുന്നത് ഇതാദ്യമായാണ്. രാജസ്ഥാനിലെ താര്‍ മരുഭൂമിയും ഇന്ത്യയും ചേര്‍ത്ത് താറോസോറസ് ഇന്‍ഡിക്കസ് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്.
റൂര്‍ക്കി ഐഐടിയിലെയും ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെയും ശാസ്ത്ര സംഘം 2018-ലാണ് താര്‍ മരുഭൂമിയിലെ 16 കോടി വര്‍ഷം പഴക്കമുള്ള പാറയില്‍ ഫോസില്‍ കണ്ടത്. തുടര്‍ന്ന് അഞ്ച് വര്‍ഷം നീണ്ട പഠനത്തിലാണ് ദിനോസറിന്റെ സവിശേഷതയും പഴക്കവും നിര്‍ണ്ണയിച്ചത്.
ഡൈക്രസോറസ് ജനുസില്‍ പെട്ടതാണെങ്കിലും ഇതുവരെ അജ്ഞാതമായിരുന്ന സ്പീഷിസ് ആണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. നട്ടെല്ലിലെ കശേരുക്കള്‍ വൈ ആകൃതിയില്‍ രണ്ടായി പിരിഞ്ഞിരിക്കുന്നതിനാലാണ് ഡൈക്രസോറസ് എന്നു പറയുന്നത്.
ദിനോസറുകളുടെ സുവര്‍ണ കാലമായിരുന്ന ജുറാസിക യുഗത്തിന്റെ (14.5 കോടി മുതല്‍ 20.1 കോടി വര്‍ഷം വരെ) അവസാന കാലത്ത് ജീവിച്ചിരുന്ന ദിനോസറസാണിത്.
ഈ ഇനത്തില്‍പ്പെട്ട ഫോസിലുകളില്‍ ഏറ്റവും പഴക്കമുള്ളതെന്ന് ഇതുവരെ കണ്ടെത്തിയതെന്ന് കരുതിയത് ചൈനയിലായിരുന്നു. 16.4-16.6 കോടി വര്‍ഷം.
അതിലും പഴക്കമുള്ളതാണിത്. ദിനോസറുകളുടെ പരിണാമ ചക്രത്തില്‍ ഇന്ത്യയും പങ്കാളിയായിരുന്നു എന്നു വ്യക്തം.

