പലസ്തീനില്‍ 2000 വര്‍ഷം പഴക്കമുള്ള സെമിത്തേരി കണ്ടെത്തി
ഗാസ: പലസ്തീനില്‍ റോമന്‍ കാലഘട്ടത്തെ 2000 വര്‍ഷം പഴക്കമുള്ള സെമിത്തേരി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഫ്രഞ്ച് എയ്ഡ് ഏജന്‍സിയായ പ്രീമിയര്‍ ഉര്‍ഗന്‍സ് ഇന്റര്‍നാഷണലും ഈജിപ്ത്യരും ലംയുക്തമായി ഗാസയില്‍ നടത്തിയ ഖനനത്തിലാണ് പുരാതന സെമിത്തേരി കണ്ടെത്തിയത്.
റോമന്‍ സാമ്രാജ്യത്തിലൂടെയും കുരിശു യുദ്ധങ്ങളിലൂടെയും ബൈബിളില്‍ ചിത്രീകരിച്ചിരിക്കുന്ന പുരാതന ഈജിപ്തുകാരിലൂടെയും ഫെലിസ്ത്യരിലൂടെയും ഒക്കെ അടയാളപ്പെടുത്തുന്ന ചരിത്ര ഭൂമിയായ പലസ്തീനില്‍ കഴിഞ്ഞ വര്‍ഷം ചില പുരാവസ്തു ഗവേഷകര്‍ ഖനനം ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയിലാണ് കൌതുകകരമായ കല്ലറകള്‍ കണ്ടെത്തിയത്.
കനത്ത ചൂടിനെ അതിജീവിച്ചുകൊണ്ട് 25 ഓളം എഞ്ചിനിയര്‍മാരുടെ സഹായത്തോടെ സാങ്കേതിക വിദഗ്ദ്ധരും പങ്കെടുത്ത ഖനനത്തില്‍ 125-ല്‍ അധികം ശവകുടീരങ്ങള്‍ ആണ് കണ്ടെത്തിയിരിക്കുന്നത്.
2000 വര്‍ഷം മുമ്പുള്ള സെമിത്തേരിയാണെങ്കിലും കണ്ടെത്തിയ ഭൂരിഭാഗം അസ്ഥികൂടങ്ങളും ഇപ്പോഴും കേടുകൂടാതെ ഇരിക്കുന്നതായി പുരാവസ്തു ഗവേഷകര്‍ പറഞ്ഞു. മാത്രമല്ല ഇവിടെനിന്ന് ഈയംകൊണ്ട് നിര്‍മ്മിച്ച രണ്ട് സാര്‍ക്കോ ഫാഗസുകളും കണ്ടെത്തുകയുണ്ടായി. സാര്‍ക്കോ ഫാഗസ് ഒരു ശവപ്പെട്ടിയാണ്. ഇത് കല്ലില്‍ കൊത്തിയെടുത്തതാണ്.
കണ്ടെത്തിയ സാര്‍ക്കോഫാഗസുകളില്‍ ഒന്ന് മുന്തിരിയുടെ ചിത്രങ്ങളാലും മറ്റൊന്ന് ഡോള്‍ഫിനുകളാലും അലങ്കരിച്ചിരിക്കുന്നു.
ഇത്രയധികം ശവങ്ങള്‍ അടക്കം ചെയ്ത ഒരു സെമിത്തേരി പലസ്തീനില്‍നിന്നും ആദ്യമായാണ് കണ്ടെത്തുന്നതെന്ന് ഫ്രഞ്ച് സ്കൂള്‍ ഓഫ് ബിബ്ളിക്കല്‍ ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ റിസര്‍ച്ചിലെ വിദഗ്ദ്ധനായ ഫാദല്‍ അല്‍ അളതുല്‍ പറഞ്ഞു.

