ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൌഡറില്‍നിന്ന് ക്യാന്‍സര്‍ ; 154 കോടിയുടെ പിഴ
കാലിഫോര്‍ണിയ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി ടാല്‍കം പൌഡര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്നു ക്യാന്‍സര്‍ ഉണ്ടായതായി യു.എസിലെ ഉപഭോക്താവ് പരാതിപ്പെട്ടത് വ്യക്തമായതിനെത്തുടര്‍ന്ന് കമ്പനിക്ക് ഭീമമായ തുക പിഴയിട്ട് കോടതി.
കാലിഫോര്‍ണിയ നിവാസിയായ എമോറി ഹെര്‍ണാണ്ടസ് വലാഡെസ് എന്ന 24 കാരിയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്കെതിരെ പരാതി നല്‍കിയത്. കമ്പനിയുടെ ബേബി പൌഡര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്നാണ് തനിക്ക് ക്യാന്‍സര്‍ വന്നതെന്ന് ജൂറിയോട് ഹെര്‍ണാണ്ടസ് വിശദീകരിച്ചു.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കഴിഞ്ഞ വര്‍ഷമാണ് ഓക്ക്ലാന്‍ഡിലെ കാലിഫോര്‍ണിയ സ്റ്റേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കുട്ടിക്കാലം മുതല്‍ കമ്പനിയുടെ ടാല്‍കം പൌഡര്‍ ഉപയോഗിച്ചതിന്റെ ഫലമായി ഹൃദയത്തിനു ചുറ്റുമുള്ള കോശങ്ങളില്‍ മാരകമായ ക്യാന്‍സറായ മെസോതെലിയോ ബാധിച്ചതായി യുവതി ആരോപിച്ചു.
ചികിത്സയ്ക്കായി ചിലവഴിച്ച തുകയും വേദനയും കഷ്ടപ്പാടുകള്‍ക്കും നഷ്ടപരിഹാരം ലഭിക്കാന്‍ ഹെര്‍ണാണ്ടസിന് പൂര്‍ണമായും അര്‍ഹതയുണ്ടെന്ന് ജൂറി വിലയിരുത്തി. 154 കോടി രൂപയാണ് പിഴയായി കോടതി വിധിച്ചത്.
പിഴയ്ക്കു പുറമേ കമ്പനിക്കെതിരെ മറ്റു ശിക്ഷാ നടപടികള്‍ വിധിച്ചിട്ടില്ല.
എന്നാല്‍ വിധിയ്ക്കെതിരെ അപ്പിലിനു ഒരുങ്ങുകയാണ് കമ്പനി.

