ചൈനീസ് ലാബില്‍ ഗവേഷകര്‍ അപകടകരമായ പരീക്ഷണം നടത്തിയിരുന്നു; പുറത്തു ചാടിയ വൈറസാണ് കോവിഡ് 19-എന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍ : ലോകത്തെ പിടിച്ചുലച്ച കോവിഡ് 19 വൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയാണെന്ന് ഏവരും സമ്മതിക്കുമ്പോഴും വൈറസിനു കാരണം എന്തെന്നുള്ളതില്‍ വിഭിന്നങ്ങളായ വാര്‍ത്തകള്‍ വരികയും ചൈനയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ത്തന്നെ ചൈന നിഷേധിക്കുന്നതും ലോകം മൂന്നു വര്‍ഷമായി കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
എന്നാല്‍ ചൈനയിലെ വുഹാന്‍ ലാബിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒരു റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുകയാണ് ഒരു ബ്രിട്ടീഷ് മാദ്ധ്യമം. ലാബില്‍ ചൈനീസ് ഗവേഷകര്‍ അപകടകരമായ രഹസ്യ പരീക്ഷണങ്ങള്‍ നടത്തിയിരുന്നെന്നും ഇതിനിടെ പുറത്തു ചാടിയ വൈറസാണ് കോവിഡ് 19 എന്നുമാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോവിഡ് ഉദ്ഭവത്തെ സംബന്ധിച്ച് പഠിച്ച യു.എസ്. ഗവേഷകരുടെയും മറ്റും സഹായത്തോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ചൈനീസ് മിലിട്ടറിയുമായി സഹകരിച്ചാണ് ലാബില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇതിനാല്‍ ഇതിനെപ്പറ്റി വിവരങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടുമില്ല. ജൈവായുധ ഗവേഷണമാണോ എന്നാണ് സംശയം.
ചൈനീസ് മിലിട്ടറി തന്നെയാണത്രെ ഗവേഷണത്തിനുള്ള ധനസഹായം നല്‍കിയതും. കോവിഡ് 19 ഉദ്ഭവിച്ചെന്ന് പറയപ്പെടുന്ന ഹുനാന്‍ സീ ഫുഡ് മാര്‍ക്കറ്റില്‍നിന്നും ഏതാനും മൈലുകള്‍ മാത്രം ദൂരെയാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി.
ഇവിടെയാണ് വുഹാന്‍ നാഷണല്‍ ബയോ സേഫ്റ്റി ലാബ് സ്ഥിതി ചെയ്യുന്നത്. അതി മാരക വൈറസുകളെ സൂക്ഷിച്ചിരുന്ന ചൈനയിലെ ഏക ലാബും, ലോകത്തെ ഏതാനും ചില ലാബുകളില്‍ ഒന്നുമാണിത്.
ലോകത്തെ ഏറ്റവും അപകടകാരികളായ രോഗങ്ങള്‍ക്ക് കാരണമായ വൈറസുകളെ പറ്റിയുള്ള പഠനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. 2015 ജനുവരി 31-നാണ് ഈ ലാബ് സ്ഥാപിതമായത്. എന്നാല്‍ 2017-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.