സമാധാന പരമായ കുടുംബബന്ധം
കുടുംബ ബന്ധങ്ങള്‍ തകരുന്ന വാര്‍ത്തകള്‍ അനുദിനം വന്നുകൊണ്ടിരിക്കുന്നു. വാര്‍ത്താ മാദ്ധ്യമങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ക്കു പുതുമകളൊന്നുമില്ല എന്നതാണ് പ്രത്യേകത. വ്യക്തികളോ, കുടുംബാംഗങ്ങള്‍ ഒന്നിച്ചോ ആത്മഹത്യ ചെയ്യുന്നു.
വിവാഹബന്ധം വേര്‍പിരിയുന്നു. ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കുന്നു. ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോകുന്നു. കുട്ടികളെ അനാഥാലയങ്ങളില്‍ എത്തിക്കുന്നു. ഇതൊക്കെ സ്ഥിരം സംഭവങ്ങളാണ് നമ്മുടെ നാട്ടില്‍ .
കുടുംബം എന്നത് ദൈവീക ദാനമാണ്. അതിന്റെ അടിസ്ഥാനം ദൈവമാണ്. അടിസ്ഥാനം മാറ്റിയാല്‍ എല്ലാം തകിടം മറിയും. കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കുടുംബനാഥനാണ്. ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ സാധിക്കണം. അംഗങ്ങളുമായി സ്നേഹത്തോടും സഹകരണത്തോടും കൂടെ വര്‍ത്തിക്കുന്ന സ്വഭാവം ഉണ്ടായിരിക്കണം.
ഈ കാലത്ത് മനുഷ്യ ബന്ധം ഞെട്ടറ്റുവീഴുന്ന ഇലപോലെയാണ്. ഏതു സമയത്തും നിലം പൊത്താം. ബന്ധങ്ങളില്‍ വളരെയധികം പരസ്പര വിശ്വാസം കാത്തുസൂക്ഷിക്കണം. കുടുംബബന്ധങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങള്‍ക്കു വേണ്ടി നാം ചിലത് സ്വയം ത്യജിക്കണം. മറ്റുള്ളവരെ ശുശ്രൂഷിക്കണം.
അതായത് സ്വയം തുനിഞ്ഞ് മറ്റുള്ളവരുമായി സഹകരിച്ച് പോയെങ്കിലേ മുന്നോട്ട് ജീവിക്കുവാന്‍ സാദ്ധ്യമാകു. വളരെയധികം ഭീതിജനകമായിതോന്നുന്ന കാര്യം, നിസ്സാര കാര്യത്തിനുപോലും ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുന്നു എന്നതാണ്. അത് തിരഞ്ഞെടുക്കുന്നത് ചെറുപ്പക്കാരായ കുടുംബസ്ഥര്‍ ആണ്.
ഒരു കുടുംബം നന്നാക്കുന്നതും നശിപ്പിക്കുന്നതും അവരവര്‍ തന്നെയാണ്. കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സമാധാനപൂര്‍ണ്ണമായ കുടുംബജീവിതം നയിക്കുവാന്‍ സാധിക്കും. ഒന്നാമത് വരുമാനത്തില്‍ കവിഞ്ഞുള്ള ചെലവ് അരുത്. രണ്ടാമത് കടം വാങ്ങരുത്.
അത്യാവശ്യമെങ്കില്‍ വീട്ടുവാനുള്ള വഴി കണ്ട് വാങ്ങുക. മൂന്നാമത് പരസ്പരം തുറന്ന് സംസാരിക്കുക. നാലാമത് ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക.അഞ്ചാമത് സ്നേഹിക്കുക, സ്നേഹിക്കപ്പെടുക. ആറാമതായി വിശ്വസിക്കുക. ഏഴാമതായി പരസ്പരം സഹകരിക്കുക.
എട്ടാമതായി നിരാശപ്പെടാതിരിക്കുക. ഒമ്പതാമതായി കഠിനമായി അദ്ധ്വാനിക്കുക. പത്താമതായി ദൈവത്തിനു കീഴ്പെട്ടിരിക്കുക. ഈ വക കാര്യങ്ങള്‍ നിങ്ങളുടെ കുടുംബ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക. നിങ്ങള്‍ വിജയിക്കും തീര്‍ച്ച.
മനുഷ്യരുടെ മുമ്പില്‍ രണ്ടു വഴിയുണ്ട്. ഒന്ന് നാശത്തിലേക്കും, രണ്ടാമത് ജീവിതത്തിലേക്കും ഉള്ളത്. അത് തിരഞ്ഞെടുക്കുവാനുള്ള അവകാശം മനുഷ്യര്‍ക്കു മാത്രമാണ്.
“നല്ല വൃക്ഷത്തിന് ആകാത്ത ഫലവും, ആകാത്ത വൃക്ഷത്തിന് നല്ല ഫലവും കായ്ക്കാന്‍ കഴിയുകയില്ല” (മത്തായി 7:18). പ്രിയമുള്ളവരെ, വളരെ ഫലപ്രദവും സമാധാനപൂര്‍ണ്ണവുമായ കുടുംബ ജീവിതം നയിക്കുവാന്‍ ദൈവം നിങ്ങളെ സഹായിക്കട്ടെ! അതിനു ഉതകുന്ന വിധത്തില്‍ 10 പടികള്‍ ചൂണ്ടിക്കാട്ടി.
ഇവ പാലിച്ചാല്‍ നമ്മുടെ കുടുംബ ജീവിതം ധന്യമാകും, അവ നിലനില്ക്കും. മറിച്ചാണെങ്കില്നമുക്ക് സമാധാനത്തോടെ ജീവിക്കുവാന്‍ കഴിയുകയില്ല. നമ്മള് ഇരുമെയ്യും ഇരു മനസ്സുമായി ലോകക്കാരുടെ മുമ്പില്‍ അഭിനയിച്ചു ജീവിച്ചു കാണിക്കാമെന്നു മാത്രം.
ഇങ്ങനെയായാലും നമ്മുടെ ജീവിതം സംതൃപ്തി നിറഞ്ഞതാവുകയില്ല. പ്രശ്ന കലുഷിതമായ ദമ്പത്യ ജീവിതമായിരിക്കും നയിക്കപ്പെടുക. അതുണ്ടാവാതിരിപ്പാന് എല്ലാവരും ശ്രദ്ധിക്കുക.
പാസ്റ്റര്‍ ഷാജി. എസ്.

