അമേരിക്കയില്‍ ദൈവവിശ്വാസം കുറയുന്നതായി പഠനം
വാഷിംങ്ടണ്‍ : ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള അമേരിക്കയില്‍ ദൈവവിശ്വാസം കുറഞ്ഞു വരുന്നതായി പഠനം. വാഷിംങ്ടണ്‍ ആസ്ഥാനമായ പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്.
അമേരിക്കക്കാര്‍ക്ക് മതകാര്യങ്ങളില്‍ താല്‍പ്പര്യം കുറഞ്ഞു വരുന്നതായും ഒരു മതവിശ്വാസവുമില്ലാതെ ജീവിക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്നതായും യു.എസിലെ മത ജീവിതം സംബന്ധിച്ച പ്രധാന പഠനത്തില്‍ വ്യക്തമാക്കുന്നു. യു.എസില്‍ മൊത്തം ജനസംഖ്യയുടെ 70.6 ശതമാനം 17.3 കോടി പ്രായപൂര്‍ത്തിയെത്തിയ അമേരിക്കക്കാരാണ് കഴിഞ്ഞ വര്‍ഷം ക്രിസ്തു മതത്തില്‍ വിശ്വസിക്കുന്നതായി രേഖപ്പെടുത്തിയത്.
എന്നാല്‍ 2007 മുതല്‍ക്കുള്ള കണക്കുകള്‍ നോക്കിയാല്‍ വിശ്വാസികളായവര്‍ കുറയുകയാണ്. 2007-ല്‍ ക്രിസ്തു മതവിശ്വാസം രേഖപ്പെടുത്തിയത് 78.4 ശതമാനമായിരുന്നു. യുവാക്കളിലാണ് മതവിശ്വാസം കുറയുന്നത്. ഒരു മതത്തിലും വിശ്വാസമില്ലാത്തവര്‍ക്കാണ് വളര്‍ച്ച. 2007-ല്‍ 16.2 ശതമാനമായിരുന്നത് കഴിഞ്ഞ വര്‍ഷം 22.8 ആയി വര്‍ദ്ധിച്ചിട്ടുണ്ട്.

