പേരെസ്സ്-ഉസ്സ https://www.disciplesnews.com/breaking-news/14758/

പേരെസ്സ്-ഉസ്സ

Articles Breaking News

പേരെസ്സ്-ഉസ്സ….!!

വേദപുസ്തക സ്ഥലനാമങ്ങളുടെ പശ്ചാത്തലം വർണ്ണാഭമാണ്. ചില പ്രത്യേക സംഭവങ്ങൾ നടന്നയിടങ്ങൾ, ആ സംഭവവുമായി ബന്ധപ്പെട്ട പേരുകളിൽ പിന്നീട് അറിയപ്പെടുവാൻ തുടങ്ങി.

ആ നിലകളിൽ “അനധികൃതമായ പിന്തുണ ദൈവത്തിന്റെ പെട്ടകത്തിന് ആവശ്യമില്ലെന്നു ദൈവം ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഒരിടമുണ്ട്; പേരെസ്സ്-ഉസ്സ!!

മനുഷ്യന്റെ ബൗദ്ധിക നിലവാരത്തിൽ രൂപപ്പെടുത്തിയ വഴികളെയും അവന്റെ സ്വയേച്ഛക്കനുസരിച്ചുള്ള കർമ്മപദ്ധതികളെയും ദൈവീക വിചാരങ്ങളുമായും വഴികളുമായും തട്ടിച്ചുനോക്കിയപ്പോൾ അങ്ങേയറ്റം പരാജയമായിരുന്നു എന്ന് ചരിത്രം ഭാവിതലമുറക്ക് നീക്കിവെച്ച ഒരു ദുരന്തത്തിന്റെ ശേഷിപ്പ്; പേരെസ്സ്-ഉസ്സ!!

വചനാധിഷ്ഠിതമല്ലാത്ത പുരോഗമനങ്ങളും വചനപരിധി വിട്ട പരിഷ്‌കാരങ്ങളും “പെട്ടകത്തോട് വേണ്ട”എന്ന് മഹാദൈവം അവിടുത്തെ കമനീയ കരാംഗുലങ്ങൾ കൊണ്ട് ചരിത്രത്തിൽ രേഖപ്പെടുത്തിയ ഇടം; പേരെസ്സ്-ഉസ്സ!!

ഒരുപറ്റം പുരോഗമനവാദികൾ പുരോഹിതന്മാരുടെ തോളിൽ ചുമക്കേണ്ട പെട്ടകത്തെ പുതിയ വണ്ടിയിൽ കയറ്റി ആർഭാടപൂർവ്വം കൊണ്ടുവരികയാണ്!!.

പെട്ടകത്തിന് കൊടുക്കേണ്ട മാന്യതയിൽ തന്നെ, ചമയിച്ചൊരുക്കിയ പുതിയവണ്ടിയിലെ പെട്ടകപ്രയാണം മാനുഷിക ദൃഷ്ടിയിൽ അങ്ങേയറ്റം മനോഹരമാണ് . രാജാവായ ദാവീദിന്റെ നേതൃത്വത്തിൽ പ്രത്യേകം തിരഞ്ഞെടുത്ത മുപ്പതിനായിരം വിരുതന്മാരുമായിട്ടുള്ള ഈ ഘോഷയാത്ര നയനമനോഹരമാണ്. പക്ഷെ എന്തോ, ദൈവം അങ്ങേയറ്റം അതൃപ്തനാണ്!!

ഈ പുരോഗമന വാദികളോടുള്ള കർത്താവിന്റെ കടുത്ത അമർഷം കഠിനമായ ദുരന്തങ്ങളിലേക്കു വഴിവെച്ചു. നാഖോന്റെ കളത്തിങ്കൽ എത്തിയതും പെട്ടകവണ്ടിയിൽ കെട്ടിയിരുന്ന കാള വിരണ്ടു….വണ്ടി വണ്ടി മറിഞ്ഞു … പെട്ടകം ചെരിഞ്ഞു….ഉസ്സ കൈനീട്ടി…ദൈവകോപം ജ്വലിച്ചു…. ഉസ്സ പെട്ടകത്തിന്റെ ചുവട്ടിൽ മരിച്ചുവീണു!!

ഈ പെട്ടകം കൊല്ലുന്ന പെട്ടകമായിരുന്നില്ല, ഇത് ജീവിപ്പിക്കുന്ന പെട്ടകമാണ്!!. പക്ഷെ അനധികൃതമായ ഇടപാടുകൾ ഇതിനു നേരെ നടത്തിയാൽ യാതൊരു ദാക്ഷണ്യവും ആരോടും മഹാദൈവം കാണിക്കില്ലെന്നു ദൈവം വെളിപ്പെടുത്തി!!.

പെട്ടകം വിശുദ്ധവും അത് ദൈവത്തിന്റേതും ആയിരിക്കുന്ന കാലമത്രയും അതിനോടുള്ള വിഹിതമല്ലാത്ത ഒരു പ്രവർത്തികളും ദൈവം പൊറുക്കില്ല.!!

നമ്മുടെ ചിന്തകൾക്കും ഭാവനയ്ക്കും നയങ്ങൾക്കും അനുസരിച്ചു ദൈവീകവ്യവസ്ഥകളെയും പെട്ടകം ചുമക്കേണ്ടതിന്റെ നിലയമാവലികളെയും തിരുത്തി അതിൽ രൂപമാറ്റം വരുത്താം എന്ന നമ്മുടെ സ്വാർത്ഥതാല്പര്യം ലാക്കാക്കിയുള്ള നൂതനരീതികൾ ദൈവം വെറുക്കുന്നു.!!

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.