ഹൃദയാഘാതം പ്രവചിക്കാം ഇനി നിര്‍മ്മിത ബുദ്ധിയില്‍
ഹൃദയാഘാതം മൂലം ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ ആശ്വാസ വാര്‍ത്തയുമായി ശാസ്ത്ര ലോകം. ഒരു രോഗിയുടെ ഹൃദയാഘാത സാദ്ധ്യത പ്രവചിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ്.
രോഗികളുടെ ഹൃദയത്തിന്റെ ചിത്രങ്ങളുടെയും രോഗ ചരിത്രത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു രോഗിക്ക് എപ്പോള്‍ ഹൃദയാഘാതം വന്നു മരിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവചിക്കാന്‍ കഴിയുന്ന നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായ സങ്കേതികതയാണ് ഗവേഷകര്‍ വികസിപ്പിച്ചത്.
സര്‍വൈവല്‍ സ്റ്റഡി ഓഫ് കാര്‍ഡിയാക് അരിത്മിയ റിസ്ക് (എസ് സ്കാര്‍ ) എന്നാണ് ഈ ഡീപ് ലേണിങ് സാങ്കേതിക വിദ്യയ്ക്ക് പേരിട്ടിരിക്കുന്നത്. മരണ സാധ്യത കുറവുള്ള രോഗികള്‍ക്ക് ഡിഫൈബ്രിലേറ്ററുകള്‍ ലഭിക്കുമ്പോള്‍ ഉയര്‍ന്ന റിസ്ക്കുള്ള രോഗികള്‍ക്ക് അവ ലഭിക്കാത്ത അവസ്ഥ ആശുപത്രികളിലടക്കം പലപ്പോഴും സംഭവിക്കാറുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജോണ്‍സ് ഹോപ്കിന്‍സിലെ ബയോമെഡിക്കല്‍ എഞ്ചിനിയറിംഗ് പ്രൊഫസര്‍ നതാലിയ ട്രയനോവ പറയുന്നു.
ഈ അവസ്ഥയെ മാറ്റിയെടുത്ത് ചികിത്സാ സംവിധാനങ്ങളുടെ കൃത്യമായ വിനിയോഗം സാധ്യമാക്കാന്‍ പുതിയ സാങ്കേതിക വിദ്യ ഉപകാരപ്പെടുമെന്നും ഇവര്‍ പറയുന്നു.
ഡോക്ടര്‍മാരേക്കാള്‍ കൃത്യമായി ഹൃദയാഘാത സാധ്യത പ്രവചിക്കാന്‍ എസ് സ്കാറിനു സാധിച്ചതായും അമേരിക്കയിലെ 60 ആരോഗ്യ കേന്ദ്രങ്ങളിലെ രോഗികളില്‍ ഇത് പരീക്ഷിച്ച് തെളിഞ്ഞതാമെന്നും ഗവേഷകര്‍ പറയുന്നു.

