കഴിഞ്ഞവര്‍ഷം കോവിഡ് വന്നവര്‍ ഇപ്പോഴും മാനസീകാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായി പഠനം
കോവിഡ് എന്ന മഹാമാരി ലോകത്തെ ഭീതിയിലാക്കിയത് രണ്ടു വര്‍ഷമാണ്. നിരവധി ജീവനുകള്‍ നഷ്ടമാകുകയും മനുഷ്യ ജീവിതം ദുസ്സഹമായിത്തീരുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ചവര്‍ ഇപ്പോഴും മാനസീകാരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. കൂടുതല്‍ നാള് അസുഖബാധിതരായി കിടപ്പിലായവര്‍ കൂടുതല്‍ നാളുകള്‍ മാനസീകാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നു. ഒരു രോഗി എത്രത്തോളം കിടപ്പിലായിരുന്നുവോ അത്രയും കാലം മാനസീകാരോഗ്യ പ്രത്യാഘാതങ്ങള്‍ നീണ്ടുനില്‍ക്കാമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
ലാന്‍സെറ്റ് പബ്ളിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ നാളുകള്‍ കോവിഡ് ബാധിച്ച് കിടപ്പിലായിരുന്നവര് ഉറക്കക്കുറവ് നേരിടുന്നുവെന്നും പഠനത്തില്‍ പറയുന്നു.
കൂടാതെ ചെറിയ ലക്ഷണങ്ങളോടുകൂടി കോവിഡ് രോഗ നിര്‍ണ്ണയം നടത്തിയ ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കാത്തവരേക്കാളും വിഷാദത്തിന്റെയും ഉല്ക്കണ്ഠയുടെയും ലക്ഷണങ്ങള്‍ കുറവാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.
ഈ വ്യക്തികള്‍ക്ക് വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയുമെന്നു പഠനം പറയുന്നു. ഐസ്ളാന്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ സുപ്രധാന പഠനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

