ഹരിയാനയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി
ചണ്ഡിഗഡ്: ഹരിയാന നിയമസഭ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ പാസ്സാക്കി. മാര്‍ച്ച് 4-നാണ് ബില്‍ അവതരിപ്പിച്ചത്. ബി.ജെ.പി. ഭരിക്കുന്ന യു.പി., ഹിമാചല്‍പ്രദേശ്, കര്‍ണാടക സര്‍ക്കാരുകള്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസ്സാക്കിയിട്ടുണ്ട്.
ബലമായോ, വാഗ്ദാനങ്ങള്‍ നല്‍കിയോ ഉള്ള മതപരിവര്‍ത്തനം തടയുന്നതിനു നിലവില്‍ സംസ്ഥാനത്ത് നിയമങ്ങളുണ്ടെന്നും പുതിയ ബില്ലിന്റെ ആവശ്യമില്ലെന്നും പ്രതിപക്ഷ നേതാവ് ഭുപീന്ദര്‍സിംഗ് ഹുഡ പറഞ്ഞു.
പ്രായപൂര്‍ത്തിയായവരെയും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ പെടുന്നവരെയും മതപരിവര്‍ത്തനത്തിന് വിധേയമാക്കിയാല്‍ കുറഞ്ഞത് നാല് വര്‍ഷവും പരമാവധി 10 വര്‍ഷം ജയില്‍ശിക്ഷയും മൂന്നു ലക്ഷം വരെ പിഴ ശിക്ഷയും ലഭിക്കും.
എന്നാല്‍ ഒരു മതവിഭാഗത്തെയും വേര്‍തിരിച്ച് കാണാനല്ല നടപടിയെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.
സ്വന്തം ഇഷ്ടപ്രകാരം മതം മാറണമെങ്കില്‍ അതിനുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

