കര്‍ണാടകയില്‍ ബൈബിളുകളും ലഘുലേഖകളും കത്തിച്ചു
ബംഗളുരു: കര്‍ണാടകയില്‍ സുവിശേഷപ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്ന നാലു സുവിശേഷകരെ ഏഴു വര്‍ഗ്ഗീയവാദികള്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയും ബൈബിളുകളും ലഘുലേഖകളും കൂട്ടിയിട്ടു കത്തിക്കുകയും ചെയ്തു.
കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ശ്രീനിവാസപുരത്ത് കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു സംഭവം.
സുവിശേഷകര്‍ വീടുകള്‍ കയറി ഇറങ്ങി രക്ഷയുടെ സന്ദേശം അറിയിക്കുകയും സുവിശേഷ പ്രതികള്‍ വിതരണം ചെയ്യുകയും ചെയ്യുന്ന സമയത്ത് ഒരു കൂട്ടം യുവാക്കളെത്തി തടസ്സപ്പെടുത്തുകയും മതപരിവര്‍ത്തനത്തിനു ശ്രമിക്കുന്നു എന്നാരോപിച്ചു ബലമായി ബൈബിളുകളും ലഘുലേഖകളും പിടിച്ചു വാങ്ങി കത്തിക്കുകയുമായിരുന്നു എന്നു റിപ്പോര്‍ട്ടുകളുണ്ട്.,
സംഭവത്തില്‍ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. വീടുവീടാന്തരം കയറി മതപ്രചരണം നടത്തരുതെന്നു ക്രിസ്ത്യന്‍ വിഭാഗത്തോട് നിര്‍ദ്ദേശിച്ചിരുന്നെന്നും അവര്‍ അത് ലംഘിച്ചതോടെയാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്നുമാണ് പോലീസിന്റെ വാദം.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്ന ബില്‍ സംസ്ഥാന ബി.ജെ.പി. സര്‍ക്കാര്‍ അടുത്ത ദിവസം പരിഗണിക്കാനിരിക്കെയാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.
നിയമ സഭയുടെ ശീതകാല സമ്മേളനത്തില്‍ ബില്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ഞായറാഴ്ച പറഞ്ഞിരുന്നു.

