33,771 യഹൂദരെ കൂട്ടക്കൊല ചെയ്ത ബാബിയാര്‍ വംശഹത്യയ്ക്ക് 80 വര്‍ഷം
കീവ്: രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തില്‍ സോവിയറ്റ് ഉക്രൈനിലെ ബാബിയാറില്‍ മൂപ്പതിനായിരത്തിലധികം യഹൂദന്മാരെ ഹിറ്റ്ലറുടെ നാസിപ്പട വെടിവെച്ചു കൊന്നുതള്ളിയ ക്രൂരതയ്ക്ക് ബുധനാഴ്ച 80 വയസ്.
സോവിയറ്റ് യൂണിയന്‍ അധിനിവേശത്തിനാണ് നാസിപ്പട ഉക്രൈനില്‍ തലസ്ഥാന നഗരിയായ കീവില്‍ എത്തിയത്. 1941 സെപ്റ്റംബര്‍ 29-നും 30-നും ഇടയിലായി 33,771 യഹൂദന്മാരെയാണ് കൊന്നത്.
പ്രദേശത്തെ മുഴുവന്‍ യഹൂദരെയും ഉന്മൂലനം ചെയ്യാനായിരുന്നു പദ്ധതി. ഇതിനായി യഹൂദരെ വൈസ്കോവ് സെമിത്തേരിക്ക് സമീപത്തേക്ക് വിളിച്ചു വരുത്തി ഏകദേശം 150 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയും 15 മീറ്റര്‍ ആഴവുമുള്ള ഇടുക്കിലേക്ക് നഗ്നരാക്കി നടത്തി.
ഒരാള്‍ക്ക് മുകളില്‍ ഒരാള്‍ വീഴും വീതം കൃത്യതയോടെ വെടിവെച്ചു വീഴ്ത്തി. പാളികള്‍ അടുക്കിവെച്ചതുപോലെ മൃതദേഹങ്ങള്‍ കിടന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഈ വംശഹത്യയോടെ നാസിപ്പടയുടെ ഹോളോകോസ്റ്റുകള്‍ക്ക് തുടക്കവുമായി എന്നാണ് ചരിത്രം പറയുന്നത്.
സോവിയറ്റ് യൂണിയന്റെ ശക്തമായ പ്രതിരോധത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ 1944-ല്‍ നാസിപ്പട ബാബിയാറില്‍ നിന്നും പിന്മാറേണ്ടിവന്നു. എന്നാല്‍ ഇതിനു മുമ്പ് കൂട്ടക്കൊലയുടെ തെളിവുകള്‍ നശിപ്പിക്കാനായി ആവുന്നതെല്ലാം ചെയ്യാന്‍ ഇവര്‍ക്കു സാധിച്ചു.
മൃതദേഹങ്ങള്‍ പുറത്തെടുത്ത് കത്തിച്ച് ചാരം കൃഷിയിടങ്ങളില്‍ വിതറി. സൈറേറ്റ്സ് തടങ്കല്‍ പാളയത്തിലെ നൂറുകണക്കിനു യുദ്ധ തടവുകാരെയാണ് ഇതിനായി ഉപയോഗിച്ചത്. ബാബിയാറില്‍ യഹൂദ വംശഹത്യ കൂടാതെ പല രാജ്യക്കാരായ 1,20,000 പേരെക്കൂടി നാസിപ്പട കൊല്ലുകയുണ്ടായി.
കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയ പോള്‍ ബ്ളോബലിനെ യുദ്ധകുറ്റം ചുമത്തി 1951 ജൂണ്‍ ഏഴിന് ലാന്‍ഡ്സ് ബെര്‍ഗ് ജയിലില്‍ തൂക്കിലേറ്റി.

