ഹെരോദാ രാജാവിന്റെ കോട്ടയ്ക്കുള്ളിലേക്കു സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചു
യെരുശലേം: യേശുവിന്റെ ജനന സമയത്ത് നവജാത ശിശുക്കളെ വധിക്കാന്‍ ഉത്തരവിട്ട കുപ്രസിദ്ധനായ ഭരണാധികാരിയായിരുന്ന ഹെരോദാ രാജാവിന്റെ രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുള്ള കോട്ടയ്ക്കുള്ളിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നല്കി യിസ്രായേല്‍ .
യെരുശലേമിന്റെ തെക്കു ഭാഗത്തായി ആറ് മൈല്‍ അകലെ കുന്നിന് മുകളിലാണ് സ്വകാര്യ തീയറ്റര്‍ അടക്കമുള്ള വന്‍ കോട്ട സ്ഥിതി ചെയ്യുന്നത്.
ബിസി. 37 മുതല്‍ ബിസി 40 വരെ പ്രദേശം ഭരിച്ചിരുന്ന റോമന്‍ നിയന്ത്രിത ഭരണാധികാരിയായിരുന്നു ഹെരോദാവ്. ക്രൂരതകള്‍കൊണ്ടും, വന്‍ നിര്‍മ്മിതികളുടെ പേരിലുമാണ് ഇദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്. രോഗങ്ങളെ തുടര്‍ന്ന് വേദന കടിച്ചമര്‍ത്തി നരകയാതന അനുഭവിച്ച് മരിച്ച ഹെരോദാവിനെ അടക്കം ചെയ്തിരിക്കുന്നതും ഈ കുന്നിന് മുകളിലെ കോട്ടയിലാണ്.
അന്നത്തെ അടിമകളുടെ കഠിന പരിശ്രമത്തിലാണ് ഈ കൂറ്റന്‍ നിര്‍മ്മിത് ഉണ്ടാകാന്‍ ഇടയായതെന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. കുന്നിന് മുകളിലെ നാലു ഗോപുരങ്ങള്‍ എന്നറിയപ്പെട്ടിരുന്ന കൊട്ടാരത്തിലാണ് ഹെരോദാവ് ജീവിച്ചിരുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ചുവര് ചിത്രങ്ങള്‍ നിറഞ്ഞ ചുവരുകളും, മൊസൈക്ക് കൊണ്ട് അലങ്കരിച്ച തറകളുമാണ് ഈ കൊട്ടാരത്തിന്റെ ഭംഗി. സമീപത്തെ ഉറവയില്‍നിന്നുള്ള വെള്ളം എത്തിച്ച് വലിയൊരു കുളവും കൊട്ടാരത്തില്‍ ക്രമീകരിച്ചിരുന്നു.
ഹെരോദിയന് എന്നറിയപ്പെട്ടിരുന്ന ഹെരോദാവിന്റെ അഥിതി സല്‍ക്കാര മുറിയും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ട്. ഹെരോദാവ് ഭരിച്ചിരുന്ന കാലത്ത് രാജാവിന്റെ പ്രധാന അഥിതികള്‍ക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനമുണ്ടായിരുന്നത്.
സമാനതകളില്ലാത്ത പുരാവസ്തു ശേഖരമെന്നാണ് ഹെരോദാവിന്റെ കൊട്ടാരത്തെ ഹീബ്രു സര്‍വ്വകലാശാലയിലെ പുരാവസ്തു ഗവേഷകനും മേഖലയിലെ ഉല്‍ഖനനത്തിന് നേതൃത്വം നല്കിയ റോയ് പെറാറ്റ് വിശേഷിപ്പിച്ചിരിക്കുന്നത്.
ബി.സി. 23-നും ബിസി 15-നും ഇടയിലാണ് ഹെരോഡിയം പണികഴിക്കപ്പെട്ടതെന്ന് കരുതുന്നു. ഇയാള്‍ സ്വന്തം ഭാര്യയെയും മക്കളെയും വരെ കൊലചെയ്യുകയുണ്ടായി. വിവിധങ്ങളായ രോഗങ്ങള്‍ വല്ലാതെ അലട്ടിയിരുന്ന ക്രൂരതയുടെ പര്യായമായിരുന്ന ഹെരോദാവിന്റെ അന്ത്യ സമയങ്ങള്‍ നരകതുല്യമായിരുന്നു.
മരണശേഷം തന്റെ ഭൌതിക ശരീരം ഹെരോഡിയത്തില് സംസ്ക്കരിക്കണണെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവ്. അതുപോലെ മറ്റൊരു വിചിത്ര കല്‍പ്പനയും പുറപ്പെടുവിച്ചിരുന്നു. മരണാനന്തരം ഈ അപൂര്‍വ്വ നിര്‍മ്മിതി ഒന്നാകെ മണ്ണിട്ട് മൂടണമെന്നായിരുന്നു അത്.
രണ്ടായിരം വര്‍ഷത്തോളം കാര്യമായ കേടുപാടുകളില്ലാതെ ഹെരോഡിയത്തെ നിലനിര്‍ത്താന്‍ സഹായിച്ചത് ആ വിചിത്ര കല്‍പ്പന തന്നെയായിരുന്നു. 2007-ലാണ് ഗവേഷകര്‍ ഹെരോഡിയം കണ്ടെത്തിയത്. 36 വര്‍ഷമായിരുന്നു ഹെരോദാവിന്റെ ഭരണ കാലം.

