യിസ്രായേല്‍ വിരുദ്ധത; യുനെസ്കോയില്‍നിന്നും അമേരിക്കയും യിസ്രായേലും പിന്മാറി

Breaking News Europe Middle East

യിസ്രായേല്‍ വിരുദ്ധത; യുനെസ്കോയില്‍നിന്നും അമേരിക്കയും യിസ്രായേലും പിന്മാറി
യെരുശലേം: യുനെസ്കോ (യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ‍) യിലെ അംഗത്വത്തില്‍ നിന്നും അമേരിക്ക പിന്മാറിയതിനു പിന്നാലെ യിസ്രായേലും പിന്മാറി.

 

യുനെസ്കോ യിസ്രായേല്‍ വിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ചാണ് പിന്മാറ്റമെന്ന് അമേരിക്കയുടെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. യുനെസ്കോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് 2011-ല്‍ അമേരിക്ക നിര്‍ത്തലാക്കിയിരുന്നു. പലസ്തീന്‍ അതോറിട്ടിക്ക് അനുകൂലമായ വോട്ടെടുപ്പ് നടന്നതിനെത്തുടര്‍ന്നായിരുന്നു നടപടി. 2011-ല്‍ പലസ്തീനിന് യുനെസ്കോയില്‍ അംഗത്വം നല്‍കിയിരുന്നു.

 

ഇതിനെത്തുടര്‍ന്നു അമേരിക്കയും ഇസ്രായേലും കടുത്ത പ്രതിഷേധത്തിലായിരുന്നു.അമേരിക്കയുടെ പിന്മാറ്റം യുനെസ്കോയ്ക്ക് കനത്ത തിരിച്ചടിയാകും. യുനെസ്കോയുടെ നിയമപ്രകാരം 2018 ഡിസംബറോടെ മാത്രമേ പൂര്‍ണ്ണമായ പിന്മാറ്റം സാദ്ധ്യമാകു. അതുവരെ അമേരിക്കയും, യിസ്രായേലും അംഗങ്ങളായി തുടരേണ്ടി വരുമെന്നു എ.എഫ്.പി. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. യുനെസ്കോ വിടാനുള്ള താരുമാനം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഹെതര്‍ നൌട്ടാണു പ്രഖ്യാപിച്ചത്.

 

തീരുമാനം യുനെസ്കോ അദ്ധ്യക്ഷ ഐറീന ബൊകോവയെ അറിയിക്കുകയുണ്ടായി. എന്നാല്‍ അമേരിക്കയുടെ തീരുമാനത്തില്‍ യുനെസ്കോ ഖേദമറിയിച്ചു. അമേരിക്ക പിന്മാറിയതായി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് യിസ്രായേലും യുനെസ്കോ വിടുന്നതായി പ്രഖ്യാപിച്ചത്. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.

 

അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് നെതന്യാഹു ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ചിരുന്നു. പാരമ്പര്യത്തെ തകര്‍ക്കുന്ന അസംബന്ധങ്ങളുടെ നിലപാടുകളാണ് യുനെസ്കോ പിന്തുടരുന്നതെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു. യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്തു ഇപ്പോള്‍ നിലനില്‍ക്കുന്ന മുസ്ളീം പള്ളിയും സ്ഥലവും പാരമ്പര്യമായി മുസ്ളീങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് മാസങ്ങള്‍ക്കു മുമ്പ് യുനെസ്കോ പ്രഖ്യാപിച്ചതില്‍ അമേരിക്കയും, യിസ്രായേലും കടുത്ത പ്രതിഷേധത്തിലായിരുന്നു.

 

1945 നവംബര്‍ 10-നു പാരീസ് ആസ്ഥാനമാക്കിയാണ് യുനെസ്കോ രൂപികൃതമായത്. ഇന്ത്യടക്കം 195 രാജ്യങ്ങള്‍ അംഗങ്ങളാണ്. കൂടാതെ 9 അസോഷ്യേറ്റ് അംഗങ്ങളുമുണ്ട്.

Leave a Reply

Your email address will not be published.