ഫ്ളോറിഡ പാസ്റ്റര്‍ 53 മണിക്കൂര്‍ പ്രസംഗിച്ച് ഗ്വിന്നസ് ബുക്കില്‍ സ്ഥാനം നേടി
ഫ്ളോറിഡ: തുടര്‍ച്ചയായി 53 മണിക്കൂര്‍ 18 മിനിറ്റ് പ്രസംഗിച്ച് അമേരിക്കയിലെ ഫ്ളോറിഡ പാസ്റ്റര്‍ ഗ്വിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിച്ചു.
മൌണ്ട് ഡോറയിലെ ദ ക്രോസ് ചര്‍ച് പാസ്റ്ററായ സാക്ക് സെഹണ്ടറാണ് ചരിത്രം കുറിച്ചത്. നവംബര്‍ 7ന് വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ക്രോസ്സ് ചര്‍ച്ച് ഹാളില്‍ ആരംഭം കുറിച്ച പ്രസംഗ പരമ്പര നവംബര്‍ 9 ഞായറാഴ്ച രാവിലെ 7.32 വരെ നീണ്ടുനിന്നു. പ്രസംഗത്തിനിടയില്‍ ഓരോ മണിക്കൂറിനും 5 മിനിറ്റു വീതം ഇടവേള നല്‍കിയാണ് 52 മണിക്കൂര്‍ 18 മിനിറ്റ് നീണ്ട പ്രസംഗം ദീര്‍ഘിപ്പിച്ചത്.
ചര്‍ച്ച് ഹാളില്‍ വിശ്വാസികളും, മറ്റ് നിരവധി ആളുകളും സന്നിഹിതരായിരുന്നു. നിലവില്‍ ലോക റെക്കോര്‍ഡ് 48 മണിക്കൂര്‍ 31 മിനിറ്റ് ഇന്ത്യാക്കാരനായ വിക്രാന്ത് മഹാജന്റേതാണ്. 2014 സെപ്റ്റംബര്‍ 19-21 വരെയായിരുന്നു വിക്രാന്തിന്റെ പ്രസംഗം.
ഈ റെക്കോര്‍ഡാണ് പാസ്റ്റര്‍ സാക്ക് സെഹണ്ടര്‍ തകര്‍ത്തത്. വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു പാസ്റ്റര്‍ സെഹണ്ടറിന്റെ പ്രസംഗം. ബൈബിളില്‍ ഉല്‍പ്പത്തി മുതല്‍ വെളിപ്പാട് വരെയുള്ള ചരിത്രങ്ങള്‍ , സംഭവങ്ങള്‍ പ്രസംഗത്തിലുടനീളമുണ്ടായിരുന്നു. ദൈവത്തെ മഹത്വപ്പെടുത്തിയതില്‍ അതീവ സന്തുഷ്ടനാണെന്ന് പിന്നീട് പാസ്റ്റര്‍ പറഞ്ഞു.
ചര്‍ച്ചില്‍ സാധാരണയായി 30 മിനിറ്റു മാത്രം പ്രസംഗിക്കാറുള്ള സെഹണ്ടര്‍ 2 വര്‍ഷത്തെ തയ്യാറെടുപ്പും നടത്തിയിരുന്നു. തന്റെ പിതാവും പിതാവിന്റെ പിതാവും പ്രസംഗകരാണ്. ഗ്വിന്നസ് വേള്‍ഡ് പ്രവര്‍ത്തകരും പ്രസംഗ പരമ്പരയില്‍ പങ്കെടുത്തിരുന്നു. ഒരു ചാരിറ്റി പ്രവര്‍ത്തനത്തിനുള്ള ഫണ്ടു സ്വരൂപിക്കലും ഈ സമയത്ത് നടന്നു.

