ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനം, വൈറ്റ് ഹൗസിനുമുന്നില്‍ വിശ്വാസികള്‍ ഒത്തുകൂടി
വാഷിംങ്ടണ്‍ : പുതുചരിത്രമെഴുതി അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ക്യൂബ സന്ദര്‍ശിച്ചതിനോടനുബന്ധിച്ച് വൈറ്റ് ഹൗസിനു മുന്നില്‍ പാസ്റ്റര്‍മാരും വിശ്വാസികളും ഒത്തുകൂടി ആശംസകള്‍ അര്‍പ്പിച്ചു. 88 വര്‍ഷത്തിനുശേഷമാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ക്യൂബ സന്ദര്‍ശിക്കുന്നത്.
ഒബാമ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ക്യൂന്‍ മണ്ണില്‍ കാലുകുത്തി. ഹവാനയില്‍ എത്തിയ ഒബാമയെ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയും പത്നിയും ഉള്‍പ്പെടെയുള്ള രാഷ്ട്ര നേതാക്കള്‍ ഹൃദ്യമായ വരവേല്‍പ്പു നല്കി. സാമ്പത്തിക-വ്യാവസായിക സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ച, പുരോഗതിയിലേക്കുള്ള ഇരു രാഷ്ട്രങ്ങളുടെയും നിലപാടുകള്‍ എന്നിവ ചര്‍ച്ച ചെയ്തു.
ഭാര്യ മിഷേലും മക്കളായ മാലിയയും, സാഷയും ഒബാമയ്ക്കൊപ്പമുണ്ട്. കൂടാതെ നിരവധി ജനപ്രതിനിധികളും ഡെമോക്രാറ്റ് – റിപ്പബ്ളിക്കന്‍ പ്രതിനിധികളും വ്യവസായികളും സംഘത്തിലുണ്ട്. ഇതേസമയം മാര്‍ച്ച് 20ന് അമേരിക്കയിലെ സിരാകേന്ദ്രമായ വൈറ്റ് ഹൗസിനു മുന്നില്‍ പാസ്റ്റര്‍മാരും വിശ്വാസികളും യു.എസ്.-ക്യൂബ സൗഹാര്‍ദ്ദ ചര്‍ച്ചയ്ക്കു പിന്തുണയുമായി ഒത്തുകൂടി പ്രാര്‍ത്ഥനയും, ആശംസകളും അര്‍പ്പിച്ചു.
ക്യൂബയില്‍ മതസ്വാതന്ത്ര്യവും, ക്രൈസ്തവ പ്രവര്‍ത്തന സ്വാതന്ത്ര്യവും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ രേഖപ്പെടുത്തിയ പ്ലേക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ക്രിസ്ത്യന്‍ കോവാലിഷന് ഡയറക്ടര്‍ റവ. പാട്രിക് മെഹനി നേതൃത്വം നല്കി.

