ഐസ് തടങ്കൽ പാളയത്തിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം

ഐസ് തടങ്കൽ പാളയത്തിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം

USA

ഐസ് തടങ്കൽ പാളയത്തിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം
പി പി ചെറിയാൻ

എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ ‘ക്യാമ്പ് ഈസ്റ്റ് മൊണ്ടാന’ തടങ്കൽ പാളയത്തിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തു. നിക്കരാഗ്വ സ്വദേശിയായ വിക്ടർ മാനുവൽ ഡയസ് (36) ആണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്.

വിക്ടർ മാനുവൽ ഡയസിനെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നുവെന്നും ഇത് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അറിയിച്ചു. എന്നാൽ മരണത്തിൽ ഔദ്യോഗിക അന്വേഷണം തുടരുകയാണ്.

ജനുവരി 6-ന് മിനിയാപൊളിസിൽ നടന്ന കുടിയേറ്റ വിരുദ്ധ പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. തുടർന്ന് നാടുകടത്തുന്നതിനായി ടെക്സസിലേക്ക് മാറ്റുകയായിരുന്നു.

ഇതേ ക്യാമ്പിൽ ജനുവരി 3-ന് ക്യൂബൻ സ്വദേശിയായ ജെറാൾഡോ ലുനാസ് കാമ്പോസ് (55) മരിച്ചിരുന്നു. ഉദ്യോഗസ്ഥർ കഴുത്തിലും നെഞ്ചിലും അമർത്തിയതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് കൊലപാതകമാണെന്ന് സഹതടവുകാർ ആരോപിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം മാത്രം ഐസ് കസ്റ്റഡിയിൽ 32 പേരാണ് മരിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ വർഷം ഇതുവരെ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.

ഇമിഗ്രേഷൻ തടങ്കൽ പാളയങ്ങളിലെ ഉദ്യോഗസ്ഥരുടെ ക്രൂരതകളെക്കുറിച്ചും ലൈംഗികാതിക്രമങ്ങളെക്കുറിച്ചും നേരത്തെയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു.

പുതിയ ഭരണകൂടം കുടിയേറ്റ വിരുദ്ധ നടപടികൾ കർശനമാക്കിയതോടെ തടങ്കൽ പാളയങ്ങളിലെ മരണനിരക്ക് വർധിക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.