പുരുഷന്റെ സഹായമില്ലാതെ ഇനി അമ്മയാകാം
പാരീസ്: മനുഷ്യരുള്‍പ്പെടെ എല്ലാ ജീവജാലങ്ങളിലും ആണ്‍-പെണ്‍ ബന്ധത്തിലൂടെയാണ് സന്തതി പിറവിയെടുക്കുന്നത്. എന്നാല്‍ ഇനി മനുഷ്യരില്‍ ഈ പ്രക്രീയയുടെ ആവശ്യമില്ലാതെതന്നെ സന്തതി ലഭിക്കുന്ന അവസ്ഥയിലേക്കു ശാസ്ത്രലോകം എത്തി.
സ്ത്രീകള്‍ക്ക് ഇനി പുരുഷന്റെ സഹായമില്ലാതെ ഗര്‍ഭവതിയാകാം. അതായത് പുരുഷബീജം കൃത്രിമമായി പരീക്ഷണശാലയില്‍ സൃഷ്ടിച്ചതായി ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു. ഫ്രാന്‍സിലെ ല്യോണ്‍ നഗരത്തിലെ ‘കല്ലിറ്റെം’ എന്ന ഫെര്‍ട്ടി ലാബിലെ ഗവേഷകരാണ് കൃത്രിമ ബീജം സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്നത്.
ലോകത്ത് ഇത് ആദ്യമായാണ് പരീക്ഷിച്ചു വിജയിച്ചതെന്ന് ലാബ് സി.ഇ.ഒ. ഇസബെല്ല പറഞ്ഞു. പുരുഷ വന്ധ്യത നേരിടുന്നതില്‍ ഈ ഗവേഷണം ഏറെ പ്രയോജനപ്പെടുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. പുരുഷന്റെ വൃക്ഷണത്തില്‍ 72 ദിവസം വരെ സമയമെടുത്താണ് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ബീജം രൂപപ്പെടുന്നത്. എന്നാല്‍ ചിലരില്‍ ഇത് ഇടയ്ക്കുവച്ച് തടസ്സപ്പെടും.
വൃക്ഷണത്തില്‍ ബീജം രൂപപ്പെടുന്ന അതേ പ്രക്രീയ ലാബില്‍ പുനരാവിഷ്ക്കരിച്ച് ബീജം സൃഷ്ടിക്കുന്ന സാങ്കേതിക വിദ്യയാണ് ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്. എന്നാല്‍ ഈ അവകാശ വാദത്തെ ഷെഫീല്‍ഡ് സര്‍വ്വകലാശാലയിലെ വിദഗ്ദ്ധന്‍ അലന്‍ പാസി പൂര്‍ണ്ണമായി തള്ളിക്കളഞ്ഞു.

