14 മണിക്കൂര്‍ നദിയില്‍ മുങ്ങിക്കിടന്ന കാറിലെ പിഞ്ചുകുഞ്ഞ് രക്ഷപെട്ടു
ന്യുയോര്‍ക്ക്: അമേരിക്കയില്‍ അപകടത്തില്‍പ്പെട്ട് നദിയില്‍ മുങ്ങിയ കാറിനുള്ളില്‍ 14 മണിക്കൂര്‍ കിടന്ന പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. കഴിഞ്ഞ ദിവസം യൂട്ടാ നദിയില്‍ മുങ്ങിയ കാറിനുള്ളില്‍ അകപ്പെട്ട് 18 മാസം പ്രായമുള്ള ലിലി എന്ന പെണ്‍കുഞ്ഞാണ് ജീവിതത്തിലേക്കു മടങ്ങിവന്നത്.
കാറോടിച്ചിരുന്ന 25 കാരിയായ അമ്മ ലെയ്ന്‍ ജെന്നിഫര്‍ ഗ്രോസ്ബെക്ക മരിച്ചു. നദിയില്‍ മീന്‍ പിടിക്കാനെത്തിയ ആളാണു മുങ്ങിക്കിടക്കുന്ന കാര്‍ കണ്ടത്. സുരക്ഷാ ഉദ്യേഗസ്ഥര്‍ എത്തി കാര്‍ പുറത്തെടുത്തു. തുടര്‍ന്നുള്ള പരിശോധനയില്‍ ലിലിയെ അത്യാസന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
ജീവന്‍ അവശേഷിക്കുന്നു എന്നു മനസ്സിലാക്കിയ രക്ഷാ പ്രവര്‍ത്തകര്‍ കുഞ്ഞിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രാത്രിയില്‍ എന്തോ ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.
റോഡില്‍നിന്നു നോക്കിയാല്‍ കാണാത്ത രീതിയിലായിരുന്നു കാര്‍ . അപകടകാരണം വ്യക്തമല്ല. 14 മണിക്കൂറെങ്കിലും കാര്‍ നദിയില്‍ മുങ്ങിക്കിടന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

