നമ്മുടെ പറമ്പിലെ ഞൊട്ടയ്ക്ക, വിദേശത്ത് ഔഷധ സിദ്ധിയുള്ള ഗോള്‍ഡന്‍ ബെറി
നമ്മുടെ നാട്ടിലെ പറമ്പുകളില്‍ ഒരുപക്ഷേ ഇപ്പോള്‍ പാഴ്ച്ചെടിയായി വളര്‍ന്നു നില്‍ക്കുന്ന നാടന്‍ വിളിപ്പേരുള്ള ഞൊട്ടയ്ക്കാ എന്ന സസ്യത്തിന്റെ അത്ഭുത സിദ്ധി വിദേശ രാജ്യങ്ങളില്‍ വിലയുള്ള പഴമായി വിപണി കൈയ്യടക്കുന്നു. ഇവിടെ കൃഷിയിടങ്ങളില്‍ ഒരു കളയായി കാണുന്നവരാണ് മലയാളികള്‍ .
എന്നാല്‍ കടല്‍ കടന്നു ചെല്ലുമ്പോള്‍ ഞൊട്ടയ്ക്കായുടെ പേര് ഗോള്‍ഡന്‍ ബെറി എന്നാണ്. യു.എ.ഇ.യില്‍ ഞൊട്ടയ്ക്കായുടെ 10 എണ്ണത്തിന്റെ ഒരു പായ്ക്കറ്റിനു ഒമ്പത് ദിര്‍ഹമാണ് വില. മലയാളികള്‍ക്ക് ഇതിന്റെ ഔഷധ മൂല്യം അറിയില്ല. എന്നാല്‍ വിദേശത്ത് ഞൊട്ടയ്ക്കായുടെ വില 17 രൂപയാണ്.
നമ്മുടെ നാട്ടില്‍ ഞൊട്ടയ്ക്കാ പഴത്തിനു മൊട്ടാബ്ളി, മുട്ടാബ്ളാങ്ങ, ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, ഞൊട്ടാ ഞൊടിയന്‍ എന്നീ പേരിലും അറിയപ്പെടുന്നു. ഈ പഴത്തിന്റെ ശാസ്ത്രീയ നാമം ഫൈസിലിന് മിനിമം എന്നാണ് വിളിക്കുക. എന്നാല്‍ വിദേശികള്‍ ഇതിനെ ഗോള്‍ഡന്‍ ബെറി എന്നാണ് വിളിയ്ക്കുക.
ഞൊട്ടയ്ക്കാ പഴത്തിന്റെ ഔഷധ ഗുണം തന്നെയാണ് ഇവയുടെ മൂല്യവും. ശരീര വളര്‍ച്ച, ബുദ്ധി വികാസത്തിനു മുതല്‍ വൃക്ക രോഗത്തിനും മൂത്ര തടസ്സത്തിനും വരെ ഈ പഴം ഉത്തമമാണെന്നാണ് പറയുന്നത്. അതിനാല്‍തന്നെ ഈ ചെറുപഴം വിദേശ കായിക താരങ്ങളുടെ ഇഷ്ട ഫലമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. മഴക്കാലത്താണ് നമ്മുടെ നാട്ടില്‍ ഈ ചെടി മുളയ്ക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതും.
ഇതിന്റെ പച്ചക്കായ്ക്ക് ചവര്‍പ്പാണ്. എന്നാല്‍ പഴുത്താല്‍ പുളി കലര്‍ന്ന മധുരമുള്ള രുചിയായിരിക്കും. വേനല്‍ക്കാലത്ത് ഇവ ഉണങ്ങിപ്പോവുകയാണ് പതിവ്.
പണ്ടു കാലത്ത് ഞൊട്ടയ്ക്കായ ഔഷധ ഗുണമുള്ള പഴമായിത്തന്നെയാണ് കണ്ടിരുന്നത്. മുതിര്‍ന്നവര്‍ ഇതിന്റെ പഴം പറിച്ചു തിന്നിരുന്നു. ഇന്ന് പലര്‍ക്കും അറിവില്ലായ്മ മൂലവും ഈ പഴം കഴിക്കുന്നത് ഒരു കുറച്ചിലായും കണ്ടുവന്നതിനാല്‍ പുതു തലമുറയ്ക്കു കൊട്ടയ്ക്കായെക്കുറിച്ച് യാതൊരു അറിവും ലഭിക്കാതെയായി.
എന്നാല്‍ ആയുര്‍വേദത്തില്‍ ഇവയുടെ ഗുണം വിവരിക്കുന്നുണ്ട്. കര്‍ക്കിടക്കഞ്ഞിയും മറ്റും ഉപയോഗിക്കുന്നു. കുട്ടികളിലെ ത്വക്ക് രോഗങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ഔഷധമാണെന്നും ആയുര്‍വേദം പറയുന്നു.
Comments are closed.