സിംബാബ്വേയില് മെഗാ ക്രൂസേഡില്‍ പങ്കെടുത്തവരെ വിരട്ടി ഓടിച്ചു: 11 മരണം
ക്വീക്വി: സിംബാബ്വേയിലെ പ്രമുഖ പെന്തക്കോസ്ത് ഉണര്‍വ്വു പ്രാസംഗകനും പ്രവാചകുനുമായ പാസ്റ്റര്‍ വാള്‍ട്ടര്‍ മഗായയുടെ മെഗാ ക്രൂസേഡില്‍ പങ്കെടുത്തു മടങ്ങിപ്പോയവര്ക്കുനേരെ പോലീസ് നടത്തിയ കണ്ണീര് വാതക പ്രയോഗത്തിനിടയില്‍ 11 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
നവംബര്‍ 20ന് സിംബാബ്വേയിലെ ക്വീക്വിയിലെ പൊതു സ്റ്റേഡിയത്തില്‍ ഓള് നൈറ്റ് ക്രൂസേഡു സംഘടിപ്പിച്ചു. ഇതില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ സ്റ്റേഡിയത്തിലെ ഒരു ഇടുങ്ങിയ വാതില്‍ മാത്രം ജനക്കൂട്ടത്തിനു പുറത്തേക്കു പോകാനായി പോലീസ് തുറന്നു കൊടുത്തു. ഏകദേശം 15000-ത്തില്‍പ്പരം ആളുകള്‍ സന്നിഹിതരായിരുന്നു. മറ്റു വാതിലുകള്‍ പോലീസ് അടയ്ക്കുകയും ചെയ്തു.
ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ പോലീസ് വിശ്വാസികള്‍ക്കു നേരെ കണ്ണീര് വാതകം പ്രയോഗിക്കുകയായിരുന്നു. വിരണ്ടോടിയപ്പോഴുണ്ടായ തിക്കിലും തിരക്കിലുമാണ് 11 പേര് മരിച്ചത്. 4 പേര് സംഭവസ്ഥലത്തും ബാക്കിയുള്ളവര്‍ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരില്‍ ഒരു കുട്ടിയും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടും. പാസ്റ്റര്‍ മഗായ നേതൃത്വം നല്കുന്ന പ്രൊഫറ്റിക് ഹീലിംഗ് ആന്‍ഡ് ഡെലിവറന്‍സ് മിനിസ്ട്രീസ് ആണ് ക്രൂസേഡ് സംഘടിപ്പിച്ചത്. പോലീസിന്റെ അനാവശ്യ നടപടിക്രമങ്ങളാണ് ദുരന്തത്തിനു വഴിയൊരുക്കിയതെന്ന് ക്രൈസ്തവ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

