ക്രിസ്ത്യന്‍ അദ്ധ്യാപകരെ കൊല്ലാന്‍ ബോക്കോഹറാം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്
ചിബോക്ക്: നൈജീരിയായിലെ സ്കൂളുകളില്‍ പഠിപ്പിക്കുന്ന ക്രിസ്ത്യന്‍ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കൊന്നൊടുക്കുവാനായി ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ ബോക്കോഹറാം ആണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതായി മാദ്ധ്യമ റിപ്പോര്‍ട്ട്.
‘പാശ്ചാത്യ വിദ്യാഭ്യാസം പാപം’ എന്നര്‍ത്ഥം വരുന്ന ബോക്കോഹറാം നേരത്തെ സ്കൂളുകളില്‍നിന്നും പഠിച്ചിറങ്ങിയ ആണ്‍കുട്ടികളെ തിരഞ്ഞെടുത്തു പ്രത്യേക സ്ഥലത്തു കൊണ്ടുപോയി തങ്ങളുടെ തീവ്രവാദി സംഘടനകളുമായി ബന്ധപ്പെടുത്തി ക്രൈസ്തവ വിരോധം പഠിപ്പിക്കുകയും അവരെ തീവ്രവാദ വഴിയെ നടത്തുകയും, തങ്ങളെ പഠിപ്പിച്ച അദ്ധ്യാപകരെയും, സഹപാഠികളെയും കൊന്നൊടുക്കി വരണമെന്ന് പരിശീലനം നല്‍കുകയും ചെയ്യുന്നതായി ‘ലോസ് ഏഞ്ചലസ് ടൈംസ്’ എന്ന ദിനപത്രമാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
ഇതിനായി നിരവധി ആണ്‍കുട്ടികളെ പരിശീലനവും പൂര്‍ത്തിയാക്കി ആയുധം നല്‍കി വിട്ടതായി കരുതുന്നു. സ്കൂളുകള്‍ തകര്‍ക്കുവാനും, അദ്ധ്യാപകരെയും, വിദ്യാര്‍ത്ഥികളെയും തട്ടിക്കൊണ്ടുപോകുവാനും നിര്‍ദ്ദേശമുണ്ട്.
2009-ല്‍ ബോക്കോഹറാം രൂപീകൃതമായതിനുശേഷം രാജ്യത്ത് 611 അദ്ധ്യാപകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 910 സ്കൂളുകള്‍ അഗ്നിക്കിരയാക്കി. 1500 സ്കൂളുകള്‍ അടച്ചിടുവാന്‍ തീവ്രവാദികള്‍ ഭീഷണി മുഴക്കുന്നുമുണ്ട്.

