ഈത്തപ്പഴമേള

Breaking News Middle East Top News

അല്‍അഹ്സ: വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങളുടെ രുചിക്കൂട്ടൊരുക്കി അല്‍അഹ്സ ഈത്തപ്പഴ പ്രദര്‍ശന വിപണന മേള ആകര്‍ഷകമാവുന്നു. ആഗോള ഈത്തപ്പഴ വിപണിയില്‍ ശ്രദ്ധേയമായ ഇടം നേടാനായി നല്ല മുന്നൊരുക്കത്തോടെയാണ് അല്‍അഹ്സ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മേള സംഘടിപ്പിച്ചിരിക്കുന്നത്.
കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കലും പ്രാദേശിക ഈത്തപ്പഴ ഉത്പാദനത്തെ ആഗോള വിപണിയില്‍ പരിചയപ്പെടുത്തലുമാണ് മേളയുടെ മുഖ്യ ലക്ഷ്യങ്ങള്‍. കര്‍ഷകര്‍ക്കും ഉത്പാദകര്‍ക്കും വിതരണക്കാര്‍ക്കുമിടയിലെ ബന്ധം വര്‍ധിപ്പിക്കാനും മേളക്കാകും.
വൈവിധ്യമാര്‍ന്ന രുചികളുള്ള നൂറോളം ഇനങ്ങളിലുള്ള ഈത്തപ്പഴങ്ങളാണ് മേളയില്‍ അണിനിരത്തിയിരിക്കുന്നത്. മൂന്ന് മില്യനോളം വരുന്ന ഈത്തപ്പഴ മരങ്ങളുള്‍കൊള്ളുന്ന ഹസയിലെ നൂറുകണക്കിന് തോട്ടങ്ങളിലാണ് ഈയിടെ വിളവെടുപ്പ് നടന്നത്. ഹസയുടെ തനത് ഇനങ്ങളായ ഖിലാസ്, ഹശീശീ, റുസൈസ്, സുക്കരി എന്നിവയാണ് കൂടുതലും വിറ്റഴിക്കപ്പെടുന്നത്. ഈത്തപ്പഴ സംസ്ക്കരണ ഫാക്ടറികളും ആധുനിക സജ്ജീകരണങ്ങളോടെയുള്ള പരിശോധന ലബോറട്ടറിയും നിര്‍മിച്ച് നല്ലയിനം ഈത്തപ്പഴങ്ങള്‍ ലോക വിപണിയിലത്തെിച്ച്  വ്യവസായ മേഖലയില്‍ ശക്തമായ സാന്നിധ്യമാകാനാണ് അധികൃതരുടെ ശ്രമം. അത് വഴി തദ്ദേശീയ കാര്‍ഷിക മേഖല സമ്പുഷ്ടമാക്കാനാവുമെന്നാണ് പ്രതീക്ഷ. ഗള്‍ഫ് മേഖലയില്‍ പുതിയ വ്യവസായിക മേഖലകള്‍ ശക്തിപ്പെടുത്തണമെന്ന് ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് തദ്ദേശീയ കാര്‍ഷിക വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം വ്യാപാര മേളകള്‍ ജനകീയമാവുന്നത്.

അന്യം നിന്ന് പോകുന്ന നാട്ടറിവുകള്‍ പുതുതലമുറക്ക് കൈമാറാനുള്ള സുവര്‍ണ അവസരമായി ഇത്തരം മേളകളെ  മുതിര്‍ന്നവര്‍ കാണുകയും കാര്‍ഷിക വ്യവസായത്തിന് പുതുതലമുറയെ സജ്ജരാക്കാനും മേള വഴിയൊരുക്കുന്നു.
രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നുമായി ഗ്രാമീണരും നാഗരികരുമായ വ്യാപാരികളും ആവശ്യക്കാരുമടക്കം നൂറുകണക്കിന് സന്ദര്‍ശകരാണ് മേളക്കത്തെുന്നത്. പരമ്പരാഗതമായി നിര്‍മിക്കുന്ന നിരവധി കൈത്തറി, കരകൗശല  വസ്തുക്കളും പ്രദര്‍ശനത്തിനുണ്ട്. ഹുഫൂഫിലെ കിങ് അബ്ദുല്ല പ്രദര്‍ശന നഗരിയില്‍ വെള്ളിയാഴ്ചയാണ് മേളക്ക് തുടക്കമായത്.

Leave a Reply

Your email address will not be published.