ബുര്‍കിന ഫാസോയിലെ ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ 7 മിഷണറിമാരും
വാഗദുഗു: പശ്ചിമ ആഫ്രിക്കന്‍ രാഷ്ട്രമായ ബുര്‍കിന ഫാസോയുടെ തലസ്ഥാന നഗരമായ വാഗദുഗുവില് ആഡംബര ഹോട്ടലില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരില്‍ 7 ക്രിസ്ത്യന്‍ മിഷണറിമാരും ഉള്‍പ്പെടുന്നു. ജനുവരി 15 വെള്ളിയാഴ്ച രാത്രിയില്‍ സ്പ്ലെന്‍ഡിഡ് ഹോട്ടലിലും തൊട്ടടുത്ത കഫേയിലും ഇരച്ചുകയറിയ അല്‍ഖ്വയ്ദ ഇസ്ലാമിക് മാഗ്രിബിന്റെ 7 പേരടങ്ങുന്ന തീവ്രവാദികള്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെയ്ക്കുകയായിരുന്നു.
29 പേര് കൊല്ലപ്പെട്ടു. ഇവരില്‍ 18 പേര് വിദേശികളാണ്. കൊല്ലപ്പെട്ടവരില്‍ 7 പേര് അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മിഷണറിമാരാണ്. യു.എസിലെ ഫ്ളോറിഡ സ്വദേശിയായ മിഖായേല്‍ റിഡ്ഡെറിങ് (45), കാനഡ സ്വദേശികളും ഒരു കുടുംബത്തിലെ നാല് അംഗങ്ങളും, സുഹൃത്തുക്കളായ 2 പേരുമാണ് കൊല്ലപ്പെട്ടത്.
മനുഷ്യാവകാശ പ്രവര്‍ത്തകനും മിഷണറിയുമായ വൈവസ് കരിയര്‍ , ഭാര്യ ഗ്ലാഡിസ്, മകള്‍ മൗദി കരിയര്‍ (37), മകന് ചാള്‍സ് എലീ (19) ഇവരുടെ സുഹൃത്തുക്കളായ സൂസന്ന ബെര്‍ണിയര്‍ , ലൂയിസ് ചബോട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. മിഖായേല്‍ 2011 മുതല്‍ ഭാര്യയ്ക്കൊപ്പം ബുര്‍കിനയില്‍ ഓര്‍ഫനേജും, അഭയകേന്ദ്രവും നടത്തി വരികയാണ്.
വൈവസും, കുടുംബാംഗങ്ങളും കാനഡയിലെ ഒരു പ്രാദേശിക സഭയുടെ പ്രതിനിധികളായി ബുര്‍കിനയില്‍ എത്തിയവരാണ്. ഇവരും ഒരു ഓര്‍ഫനേജിനും, സ്കൂളിനും സാമ്പത്തിക സഹായങ്ങള്‍ ചെയ്തു വരുന്നുണ്ട്. മിഖായേല്‍ ബുര്കിനയിലെ ഒരു പ്രാദേശിക പാസ്റ്റര്‍ വലന്റൈനുമൊത്ത് കഫേയില്‍ ഇരിക്കുമ്പോഴായിരുന്നു ഭീകരാക്രമണം. പാസ്റ്റര്‍ അത്ഭുതകരമായി രക്ഷപെട്ടു.

