രണ്ട് ഈജിപ്റ്റ് ക്രൈസ്തവ സഹോദരങ്ങള്‍ ലിബിയയില്‍ കൊല്ലപ്പെട്ടു

Breaking News Middle East

രണ്ട് ഈജിപ്റ്റ് ക്രൈസ്തവ സഹോദരങ്ങള്‍ ലിബിയയില്‍ കൊല്ലപ്പെട്ടു
അലക്സാണ്ട്രിയ : ഈജിപ്റ്റില്‍നിന്നും തൊഴില്‍ ചെയ്യുവാനായി ലിബിയയിലെത്തിയ രണ്ടു ക്രൈസ്തവ സഹോദരങ്ങളെ തീവ്രവാദികള്‍ കൊലപ്പെടുത്തി.

 

ഈജിപ്റ്റിലെ സോഹഗ് പ്രവിശ്യയില്‍ മോന്‍ഷാ സെന്ററില്‍ അവ്ഘാദ് സലാമ ഗ്രാമ സ്വദേശികളായ വാസ്ഫി ഭക്കിത്ത് മിഖായേല്‍ (37), ഇളയ സഹോദരന്‍ ഫാഹ്മി (27) എന്നിവരാണ് ലിബിയയില്‍ ഐ.എസ്. തീവ്രവാദികളുടേതെന്ന് കരുതുന്നവരുടെ വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ നവംബര്‍ 13-ന് ഇരുവരുടെയും ജഡം പടിഞ്ഞാറന്‍ ലിബിയയിലെ അല്‍ ഖംസിനു സമീപം വാഡികിയാം ഏരിയായിലെ ഒരു മരുഭൂമിയില്‍ കണ്ടെത്തുകയായിരുന്നു.

 

ഇരുവരുടെയും പണം അപഹരിക്കപ്പെട്ടതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കൊല്ലപ്പെട്ട വാസ്ഫിയും അനുജന്‍ ഫാഹ്മിയും ഇവരുടെ രണ്ടു പേരുടെയും ഇടയിലുള്ള മറ്റൊരു സഹോദരന്‍ സാബ്രിയും (31) കൂടി മിസ്രതയില്‍ കോണ്‍ക്രീറ്റ് പണി ചെയ്യുവാനായിരുന്നു ലിബിയയില്‍ എത്തിയത്. പാവപ്പെട്ട കുടുംബത്തില്‍ അംഗങ്ങളായ മുവരും വിദ്യാഭ്യാസം കുറവുള്ളവരായിരുന്നു.

 

വാസ്ഫിയും, സാബ്രിയും രണ്ടു വര്‍ഷം മുമ്പാണ് ലിബിയയില്‍ എത്തിയത്. 6 മാസത്തിനു ശേഷം ഫഹ്മിയും എത്തി. മൂവരും ഒന്നിച്ചു താമസിക്കാറുണ്ടായിരുന്നെങ്കിലും പല സ്ഥലങ്ങളിലായാണ് ജോലിക്കു പോകാറുള്ളത്. നവംബര്‍ 6-നു കൊല്ലപ്പെട്ട സഹോദരങ്ങളെ കാണാതാവുകയായിരുന്നുവെന്ന് സാബ്രി പറഞ്ഞു.

 

ഇവരെക്കുറിച്ച യാതൊരു വിവരവും ലഭിക്കാതിരുന്നപ്പോള്‍ ‍, അന്വേഷണം നടത്തിയപ്പോള്‍ ഒരു സുഹൃത്ത് രണ്ടു ഈജിപ്റ്റുകാരുടെ ജഡങ്ങള്‍ കണ്ടെത്തിയെന്നും വാസി കിയാമിലെ ഒരു ആശുപത്രിയില്‍ ജഡങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു. മിസ്രതയില്‍നിന്നും 40 മൈല്‍ ദൂരമുണ്ട് ഇവിടേക്ക്.

 

ഉടനെ തന്നെ സാബ്രിയും സുഹൃത്തുക്കളുമായി യാത്ര ചെയ്ത് ആശുപത്രിയിലെത്തി ജഡം തിരിച്ചറിയുകയായിരുന്നു. വെടിയേറ്റാണ് രണ്ടുപേരും മരിച്ചതെന്നും തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

 

ആരേയും അറസ്റ്റു ചെയ്തിട്ടില്ല. ഇരുവരുടെയും ജഡം നവംബര്‍ 25-ന് നാട്ടിലെത്തിച്ചു പിന്നീട് സംസ്ക്കരിച്ചു. കൊല്ലപ്പെട്ട വാസ്ഫിയും ഫാഹ്മിയും വിവാഹിതരാണ്. ഇരുവര്‍ക്കും മക്കളില്ല. സാബ്രി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുവാണ്.

Leave a Reply

Your email address will not be published.