മതപരിവര്‍ത്തന നിരോധന നിയമം: ക്രൈസ്തവര്‍ക്കെതിരെ പ്രയോഗിച്ച് കര്‍ണാടക

മതപരിവര്‍ത്തന നിരോധന നിയമം: ക്രൈസ്തവര്‍ക്കെതിരെ പ്രയോഗിച്ച് കര്‍ണാടക

Breaking News India

മതപരിവര്‍ത്തന നിരോധന നിയമം: ക്രൈസ്തവര്‍ക്കെതിരെ പ്രയോഗിച്ച് കര്‍ണാടക

ബംഗളുരു: കര്‍ണാടകയില്‍ സെപ്റ്റംബര്‍ 3-ന് പ്രാബല്യത്തില്‍ വന്ന മതപരിവര്‍ത്തന നിരോധന നിയമം ക്രൈസ്തവര്‍ക്കെതിരെ പ്രയോഗിച്ച് കര്‍ണാടക പോലീസ്.

മാണ്ഡ്യ താലൂക്കിലെ കെ.എം. ദൊഡ്ഡിയിലെ ക്രൈസ്തവ ആരാധനാലയത്തിനു സമീപത്തെ ഭാരതി കോളേജ് പരിസരത്ത് ലഘുലേഖകള്‍ വിതരണം ചെയ്ത അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കുമാര്‍ നായിക്, സാമന്ത്, വിജയ് ഗൌഢ, ഹേമന്ത് കുമാര്‍ എന്നിവരാണ് അറസ്റ്റു ചെയ്യപ്പെട്ടത്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതപരിവര്‍ത്തനം ലക്ഷ്യമിട്ട് ക്രിസ്ത്യന്‍ ആശയങ്ങള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ച് സുവിശേഷകരെ തടഞ്ഞുവെയ്ക്കുകയും സ്ഥലത്തെത്തിയ പോലീസ് മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു.

ലഘുലേഖകള്‍ വിതരണം ചെയ്ത ഇവര്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു.
മതപരിവര്‍ത്തന നിരോധന നിയമം ക്രൈസ്തവര്‍ക്കെതിരെ പ്രയോഗിക്കുകയാണെന്നും മതസൌഹാര്‍ദ്ദത്തിന് ഭീഷണിയാണ് ഈ നടപടിയെന്നും ബംഗളുരു ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ ആരോപിച്ചു.

ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു.

കര്‍ണാടകയിലെ ക്രൈസ്തവ ജനസംഖ്യ 11.43 ലക്ഷമാണ്.