യേശു സംസാരിച്ച അരാമ്യ ഭാഷ സംസാരിക്കുന്ന ക്രൈസ്തവര്‍ക്കെതിരെ ഐ.എസ്. ആക്രമണത്തിന്
സദദ് : യേശു ഭൂമിയിലായിരുന്നപ്പോള്‍ സംസാരിച്ച ഭാഷയായ അരാമ്യ ഭാഷ സംസാരിക്കുന്ന ലോകത്തെ അപൂര്‍വ്വം ക്രൈസ്തവ സമൂഹത്തിനെതിരെ ഐ.എസ്. തീവ്രവാദികള്‍ ആക്രമണത്തിനു ശ്രമിക്കുന്നു.
സിറിയയിലെ പ്രമുഖ നഗരങ്ങളിലൊന്നായ സദദ് പട്ടണത്തില്‍ പാര്‍ക്കുന്ന ക്രൈസ്തവര്‍ക്കെതിരെയാണ് തീവ്രവാദികള്‍ ലക്ഷ്യം വയ്ക്കുന്നത്. നഗരത്തില്‍ നല്ലൊരു ശതമാനം ക്രൈസ്തവരുണ്ട്. ഇവിടേക്ക് ഐ.എസ്. തീവ്രവാദികള്‍ മാര്‍ച്ച് നടത്തുകയാണ്. ഇതിനെ പ്രതിഷേധിക്കനായി 500-ഓളം വരുന്ന ക്രിസ്ത്യന്‍ ഭടന്മാര്‍ പ്രദേശത്തെ ചില മുസ്ലീങ്ങളുടെ സഹായത്തോടെ ജാഗരൂകരായി രംഗത്തുണ്ട്.
ഐ.എസ്. സദദ് പട്ടണത്തിന് 5 മൈല്‍ ദൂരെയുള്ള മഹിന്‍ നഗരം വരെ വന്നു പിടിച്ചെടുത്തിട്ടുണ്ട്. സദദ് പട്ടണത്തില്‍ കഴിഞ്ഞ വര്‍ഷം വരെ 15,000-ത്തോളം ക്രൈസ്തവരുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വെറും 2000 പേര്‍ മാത്രമാണ് ഉള്ളത്. ബാക്കിയുള്ളവര്‍ തീവ്രവാദികളെ ഭയന്ന് സകലവും ഉപേക്ഷിച്ച് നാടു വിട്ടു.
നൂറ്റാണ്ടുകളായി തങ്ങള്‍ താമസിക്കുന്ന ഈ മതൃദേശം വിട്ടു പോകാന്‍ അവശേഷിക്കുന്ന ക്രൈസ്തവര്‍ വൈമനസ്യം കാട്ടുകയാണ്. ഇവിടത്തെ ക്രൈസ്തവര്‍ ഇപ്പോഴും അരാമ്യ ഭാഷ സംസാരിക്കുന്നവരാണ്. യേശു സംസാരിച്ചിരുന്ന ഈ ഭാഷ സംസാരിക്കുന്നതില്‍ തങ്ങള്‍ അഭിമാനം കൊള്ളുകയാണെന്ന് വിശ്വാസികള്‍ പറയുന്നു.
അരാമ്യ ഭാഷ സംസാരിക്കുന്നവര്‍ ഇന്ന് വളരെ ചുരുക്കം പേര്‍ മാത്രമാണ്. ഒരു ചരിത്ര ശേഷിപ്പ് നിലനിര്‍ത്താനായി ക്രൈസ്തവര്‍ വളരെ ത്യാഗം സഹിച്ചു നില്‍ക്കുകയാണ്.

