സിറിയയിലെ യുദ്ധം: രണ്ടേകാല്‍ ലക്ഷത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Breaking News Middle East

സിറിയയിലെ യുദ്ധം: രണ്ടേകാല്‍ ലക്ഷത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ബെയ്റൂട്ട്: സിറിയയില്‍ നാലു വര്‍ഷത്തിലേറെയായി നടക്കുന്ന യുദ്ധത്തില്‍ ഇതുവരെ രണ്ടേകാല്‍ ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

 

74,426 സാധാരണക്കാര്‍ ഉള്‍പ്പെടെ ഏകദേശം 2,50,124 പേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സാധാരണക്കാരില്‍ 12,517 പേര്‍ കുട്ടികളും 8062 പേര്‍ സ്ത്രീകളുമാണ്. ആഗസ്റ്റില്‍ ബ്രിട്ടീഷ് ഏജന്‍സി പുറത്തുവിട്ട കണക്കില്‍ യുദ്ധത്തിലാകെ 2,40,000 പേര്‍ കൊല്ലപ്പെട്ടതായാണ് സൂചിപ്പിച്ചിരുന്നത്. ഇതുവരെ 43,752 വിമതരും, 37,010 വിദേശ ജിഹാദിസ്റ്റുകളും കൊല്ലപ്പെട്ടിട്ടുണ്ട്.

 

യുദ്ധത്തില്‍ നിരവധി ഇറാന്‍ ‍, ഇറാഖ്, ലെബനന്‍ ‍, അഫ്ഗാനിസ്ഥാന്‍ വംശജരും കൊല്ലപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം കൊല്ലപ്പെട്ടവരില്‍ തിരിച്ചറിയാതെ പോയ 3258 പേരും ഉള്‍പ്പെടുന്നുണ്ട്. യുദ്ധാന്തരീക്ഷത്തില്‍ സിറിയയില്‍നിന്നു കാണാതായ 30,000ത്തോളം ആളുകളെ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സിറിയന്‍ ഒബ്സര്‍വേറ്ററി ഏജന്‍സി വ്യക്തമാക്കുന്നു.

 

2011 മാര്‍ച്ച് 15 മുതലാണ് അറബ് ലോകത്തെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് അനുബന്ധമായി സിറിയന്‍ തെരുവുകളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അലയടിച്ചു തുടങ്ങിയത്. ഇതോടെ ജനസംഖ്യയില്‍ പകുതിയോളം പേരും അരക്ഷിതാവസ്ഥയിലേക്ക് വീഴുകയുണ്ടായി.

Leave a Reply

Your email address will not be published.