സോദോം പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗവേഷകര്‍

Breaking News Middle East Top News

സോദോം പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗവേഷകര്‍
ടാല്‍ എല്‍ ഹമാം: ജനത്തിന്റെ ദുഷ്ടതയും, ദുര്‍ന്നടപ്പും മൂലം ദൈവം കോപിച്ച് ആകാശത്തുനിന്നും ഗന്ധകവും തീയും വര്‍ഷിപ്പിച്ചു നശിപ്പിച്ച സോദോം ഗൊമോര എന്നീ രണ്ടു പട്ടണങ്ങളിലൊന്നായ സോദോമിന്റെ അവശിഷ്ടങ്ങള്‍ പര്യവേഷകര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

 

ജോര്‍ദ്ദാനിലെ ടാല്‍ എല്‍ ഹമാം മേഖലയില്‍ നടത്തിയ പര്യവേഷണത്തിലാണ് ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന ചരിത്ര പ്രാധാന്യമുള്ള ഈ പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

 

ജോര്‍ദ്ദാന്‍ നദിയുടെ കിഴക്കായിട്ടാണ് ഈ പഴയ വലിയ നഗരം കണ്ടെത്തിയത്. 700 വര്‍ഷമായി ഇവിടെ മരുഭൂമിയായിക്കിടന്ന പ്രദേശത്ത് സോദോമിനെക്കുറിച്ച് ബൈബിളില്‍ ഉല്‍പ്പത്തി പുസ്തകം 19-ാം അദ്ധ്യായത്തില്‍ വളരെ വ്യക്തമായി വിവരം ലഭിക്കുന്നുണ്ട്.

 

കരുത്തുറ്റ പട്ടണങ്ങളിലൊന്നായ സോദോമിന്റെ അവശിഷ്ടങ്ങളില്‍ 5.2 മീറ്റര്‍ കനമുള്ള 10 മീറ്റര്‍ ഉയരമുള്ള കൂറ്റന്‍ ഭിത്തികളും, കോട്ടക്കൊത്തളങ്ങളും, വാതിലുകളും, കാവല്‍ക്കോട്ടകളും, തെരുവുകളും, 23 അടി വിശാലതയുള്ള ചുറ്റുമതിലുകളോടുകൂടിയ റോഡുകളും പര്യവേഷണത്തില്‍ കണ്ടെത്തിയതായി ടീം അംഗങ്ങള്‍ വ്യക്തമാക്കുന്നു.

 

ഉല്‍പ്പത്തി പുസ്തകത്തില്‍ ജോര്‍ദ്ദാന് കിഴക്കുള്ള ഏറ്റവും വലിയ പട്ടണമായിട്ടാണ് സോദോമിനെയും ഗൊമോറെയേയും പരാമര്‍ശിച്ചിട്ടുള്ളത്. ചാവുകടലിനു വടക്കുമാറി യോര്‍ദ്ദാന്‍ നദിക്ക് ഇരുവശത്തുമായിട്ടാണ് രണ്ടും നിലനിന്നിരുന്നത്. വളരെയധികം സമ്പത്തുണ്ടായിരുന്ന നാടെന്നുതന്നെ ബൈബിളും സൂചന നല്‍കുന്നുണ്ട്.

 

വ്യാപാരമാര്‍ഗ്ഗങ്ങളുള്ള കൂറ്റന്‍ കോട്ടകൊത്തളങ്ങളോടുകൂടിയ ഈ പട്ടണങ്ങള്‍ അന്നത്തെ പ്രാധാന്യമര്‍ഹിക്കുന്ന പട്ടണങ്ങളായിരുന്നു. ബി.സി. 3500നും 1540നും ഇടയിലുള്ളതാണിത്. ഇത് വെങ്കലയുഗത്തിന്റെ അവശിഷ്ടങ്ങളാണെന്നും ബൈബിള്‍ സോദോമിനെ ലക്ഷണമായി പറയുന്ന കാര്യത്തോട് സമാനതകളുണ്ടെന്നും പര്യവേഷകര്‍ പറയുന്നു.

 

ന്യൂമെക്സിക്കോയിലെ ട്രിനിറ്റി സൌത്ത് വെസ്റ്റേണ്‍ സര്‍വ്വകലാശാലയിലെ സ്റ്റീവന്‍ കോളിന്‍സാണ് ഗവേഷണത്തിനു നേതൃത്വം നല്‍കുന്നത്. 2005-ലായിരുന്നു പര്യവേഷണം ആരംഭിച്ചത്. ലോത്തിന്റെ കാലത്ത് ജനം പാപത്തിലും, ദുര്‍മ്മാര്‍ഗ്ഗങ്ങളിലും, അനീതിയിലും പെരുകുന്നതുകണ്ടുകൊണ്ട് ദൈവം ജനത്തോട് വളരെ കോപിച്ചു. അതിനായി സോദോം ഗൊമോറയെ പാടെ നശിപ്പിക്കുവാനായി ദൈവം തീരുമാനിച്ചു.

 

എന്നാല്‍ വിശ്വാസികളുടെ പിതാവായ അബ്രഹാം നീതിമാന്മാരായ 50 പേരെങ്കിലും ഉണ്ടെങ്കില്‍ പട്ടണത്തെ നശിപ്പിക്കാതെ വെറുതേ വിട്ടുകൂടെ എന്നു ചോദിച്ചപ്പോള്‍ ദൈവം സമ്മതിച്ചു. തുടര്‍ന്നു യഹോവയായ ദൈവം തന്റെ ദൂതന്മാരെവിട്ടു അന്വേഷിച്ചപ്പോള്‍ അബ്രഹാമിന്റെ സഹോദര പുത്രന്‍ ലോത്തിനെ മാത്രമേ നീതിമാനായി കണ്ടുള്ളു.

 

പട്ടണം നശിപ്പിക്കുന്നതിനു മുമ്പായി ലോത്തിനോട് ഭാര്യയോടും പുത്രിമാരോടും രക്ഷപെട്ടുകൊള്ളാന്‍ ദൈവം കല്‍പ്പിച്ചു. തുടര്‍ന്നു ദൂതന്മാര്‍ അവരെ കൈക്കുപിടിച്ചു പട്ടണത്തിനു പുറത്താക്കി. പുറകോട്ടു നോക്കരുത്, ജീവരക്ഷയ്ക്കായി ഓടിപ്പോവുക എന്നു പറഞ്ഞു. യഹോവ ആകാശത്തുനിന്നു ഗന്ധകവും തീയും വര്‍ഷിപ്പിച്ചു ആ പ്രദേശത്തെ സസ്യ ജാലങ്ങള്‍ക്കും, ജീവജാലങ്ങള്‍ക്കും മനുഷ്യര്‍ക്കും നാശം വരുത്തി.

 

എന്നാല്‍ ലോത്തിന്റെ ഭാര്യ തിരിഞ്ഞുനോക്കി ഉപ്പുതൂണായിത്തീര്‍ന്നു. എന്നാല്‍ ലോത്തും മക്കളും മഹാനഗരത്തില്‍നിന്നു രക്ഷപെട്ടതായി ബൈബിള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.