പുരുഷന്മാര് പാടുപെടും: 14 സെക്കന്റിലധികം സ്ത്രീയെ നോക്കിയാല്‍ കേസ്
കൊച്ചി: പുരുഷന് 14 സെക്കന്റിലധികം സ്ത്രീയെ നോക്കി നില്‍ക്കുകയും സ്ത്രീക്കു ബുദ്ധിമുട്ടുണ്ടാകുകയും ചെയ്താല്‍ പുരുഷനെതിരേ കേസെടുക്കാന്‍ നിയമമുണ്ടെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്.
ഇന്നേവരെ അത്തരത്തിലൊരു കേസ് രേഖപ്പെടുത്താത്തതിനു കാരണം സ്ത്രീകള്‍ പരാതി നല്‍കാത്തതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സെറ്റാ ഗാലക്സി ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഹോപ് വിദ്യാര്‍ഥികളുടെ സംസ്ഥാനതല ശാക്തീകരണ ക്യാംപില്‍ സംസാരിക്കുകയായിരുന്നു ഋഷിരാജ് സിങ്.
സ്വയരക്ഷയ്ക്കായി പെണ്‍കുട്ടികള്‍ കത്തിയോ കുരുമുളക് സ്പ്രേയോ ഹാന്‍ഡ് ബാഗില്‍ കരുതണം.
സ്ത്രീകള്‍തന്നെ വിചാരിച്ചാലേ ആയുധമില്ലാതെ പുറത്തിറങ്ങി നടക്കാനാവു. പ്രശ്നങ്ങള്‍ പോലീസിനെ അറിയിക്കണം.
സ്വയരക്ഷയ്ക്കായുള്ള അടിസ്ഥാന കാര്യങ്ങളാണ് വിദ്യാര്‍ഥികള്‍ ആദ്യം പഠിക്കേണ്ടത്.
ബസിലോ സ്കൂളിലോ കോളജിലോ വച്ച് ആരെങ്കിലും കമന്റടിക്കുകയോ കയറിപ്പിടിക്കുകയോ ചെയ്താല്‍ സ്ത്രീകള്‍ ബഹളമുണ്ടാക്കുകയും ആളുകളെ അറിയിക്കുകയും വേണം. ഉടനെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കാനും തയാറാവണം. കളരി ആയോധനമുറകള്‍ സ്കൂള്‍ സിലബസില്‍ നിര്‍ബന്ധമാക്കണം. വിദ്യാര്‍ഥിനികള്‍ നിര്‍ബന്ധമായും കളരിപ്പയറ്റ് പഠിക്കണം.
ഇതൊക്കെ ചെയ്തു തുടങ്ങേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞുവെന്നും ഋഷിരാജ് സിങ്ങ് പറഞ്ഞു.

