സന്തോഷത്തിന് വകുപ്പു രൂപീകരിച്ച ആദ്യ സംസ്ഥാനമായി മദ്ധ്യപ്രദേശ്

Breaking News India Top News

സന്തോഷത്തിന് വകുപ്പു രൂപീകരിച്ച ആദ്യ സംസ്ഥാനമായി മദ്ധ്യപ്രദേശ്
ഭോപ്പാല്‍ ‍: ജനങ്ങളുടെ സന്തോഷം ഏതൊരു ഭരണ കര്‍ത്താക്കളുടെയും ആഗ്രഹമാണ്.

ഇതിനായി പ്രത്യേക വകുപ്പുണ്ടാക്കി ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറുകയാണ് ഇന്ത്യയുടെ ഹൃദയ ഭൂമിയായ മദ്ധ്യപ്രദേശ്.

സാധാരണ ജനങ്ങളുടെ ജീവിത സന്തുഷ്ടിക്കായാണ് പുതിയ വകുപ്പെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ചൗഹാനു തന്നെയാകും വകുപ്പിന്റെ ചുമതലയും. ഈ വകുപ്പിനു പ്രത്യേക മന്ത്രിമാരുണ്ടാവുകയില്ല. അയല്‍ രാജ്യമായ ഭൂട്ടാനില്‍നിന്നാണ് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ മദ്ധ്യപ്രദേശ് ഈ ആശയം കടമെടുത്തിരിക്കുന്നത്.

ചെയര്‍മാന്‍ അദ്ധ്യക്ഷനായ കമ്മറ്റിക്കു കീഴിലാകും വകുപ്പിന്റെ പ്രവര്‍ത്തനം. ഒരു ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടറും വകുപ്പിന് ഉണ്ടാകും.

സന്തോഷ വകുപ്പിന്റെ പ്രവര്‍ത്തനത്തിനു ഓരോ വര്‍ഷവും 3.80 കോടി രൂപാ വീതം സര്‍ക്കാര്‍ ചെലവഴിക്കും. ചെയര്‍മാന് മാസം 1.50 ലക്ഷം രൂപയും ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് 1.25 ലക്ഷം രൂപയുമാണ് ശമ്പളം.

സന്തോഷത്തിനു പ്രത്യേക വകുപ്പുണ്ടാക്കിയതില്‍ എല്ലാവര്‍ക്കും സന്തോഷം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഉയര്‍ന്ന ശമ്പളത്തില്‍ നേതൃസ്ഥാനത്തിരിക്കുന്നവര്‍ക്ക് അതിയായ സന്തോഷമുണ്ടായിരിക്കും. എന്നാല്‍ പ്രജകള്‍ക്കുകൂടി ഭരണകൂടത്തില്‍നിന്നും സന്തോഷം അനുഭവിക്കാനുള്ള അവസരം ലഭ്യമാക്കണം. പണംകൊണ്ടല്ല, പരസ്പര സ്നേഹത്തിലും ബഹുമാനത്തിലുമായിരിക്കണം അത് പ്രാവര്‍ത്തികമാക്കേണ്ടത്.

മദ്ധ്യ പ്രദേശില്‍ വെറും ചെറിയ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം വര്‍ഷങ്ങളായി പല വിഭാഗങ്ങളില്‍നിന്നും കടുത്ത മാനസിക, ശാരീരിക പീഢനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കിടെ സംസ്ഥാനത്ത് ക്രൈസ്തവ മിഷന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ പലരും കൊല്ലപ്പെട്ടിട്ടുണ്ട്. ക്രൈസ്തവ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുകയും തകര്‍ക്കപ്പെടുകയുമുണ്ടായി. നിരവധി പാസ്റ്റര്‍മാരും, മിഷന്‍ പ്രവര്‍ത്തകരും, പുരോഹിതരും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആരാധനായോഗങ്ങള്‍ പലയിടങ്ങളിലും തടസ്സപ്പെടുത്തിയിട്ടുണ്ട്.

പലരെയും മതപരിവര്‍ത്തനം നടന്നതിന്റെ പേരില്‍ കള്ളക്കേസുകളില്‍ കുടുക്കിയിട്ടുണ്ട്. പല ഗ്രാമങ്ങളിലും ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. ഭൂരിപക്ഷ മതസംഘടനകളുടെ ഭീഷണികള്‍ ഉയരുന്നു. ഇവയ്ക്കെല്ലാം ഒരു ശാശ്വത പരിഹാരത്തിനായി പുതിയ നിയമ വകുപ്പ് ഉപകരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. മത വ്യത്യാസവും, ജാതി വ്യത്യാസവും ഇല്ലാത്ത ഒരു സമൂഹമായി മദ്ധ്യപ്രദേശ് മാറട്ടെ.

Leave a Reply

Your email address will not be published.