ജീവിത രീതിയിലെ മാറ്റം

ജീവിത രീതിയിലെ മാറ്റം (എഡിറ്റോറിയൽ)

Articles Breaking News Editorials

ജീവിത രീതിയിലെ മാറ്റം (എഡിറ്റോറിയൽ)

യൌവ്വനക്കാര്‍ ഇന്ന് ഫാഷനിസത്തിലാണ്. എല്ലാത്തിനും പുതുമവേണം. മറ്റുള്ളവരുടെ മുന്‍പില്‍ ഹീറോയാകണം ഇതുമാത്രമാണ് ബഹുഭൂരിപക്ഷം യൌവ്വനക്കാരുടെയും ആഗ്രഹം.

ആ വലിയ ആഗ്രഹം സാക്ഷാത്ക്കരിക്കുന്നുമുണ്ട്. വേഷത്തിലും ജീവിതശൈലിയിലും പുതിയ പുതിയ മാറ്റങ്ങള്‍ പകര്‍ന്നുകൊണ്ടിരിക്കുകയാണ്.

വിശ്വാസിയേത് അവിശ്വാസിയേത് എന്നു തിരിച്ചറിയുവാന്‍ പറ്റാത്ത കാലം. ജീവിതത്തില്‍ മാറ്റമില്ലെങ്കിലും വേഷത്തിലെങ്കിലും മാറ്റം കാണിച്ചുകൂടേ എന്ന് ഒരു പ്രായമായ പിതാവ് പെന്തെക്കോസ്ത്കാരനായ ഒരു യുവാവിനെ ഗുണദോഷിക്കുന്നത് ഒരിക്കല്‍ കാണുവാന്‍ ഇടയായി.

വിശ്വാസജീവിതത്തെക്കുറിച്ച് പാരമ്പര്യം അവകാശപ്പെടാറുള്ള കുടുംബങ്ങളിലെ ഇളംതലമുറകള്‍ ദൈവവഴിവിട്ട് കാലത്തിനുതക്ക ജീവിതം നയിക്കുന്നതു കാണുമ്പോള്‍ സങ്കടപ്പെടാറുണ്ട്.

ഭവനത്തില്‍ മക്കളെ ചെറുപ്രായംതൊട്ട് ദൈവവചനം അഭ്യസിപ്പിക്കാതെ അവരെ ഞായറാഴ്ചകളില്‍പ്പോലും സഭായോഗത്തില്‍ പങ്കെടുപ്പിക്കാതെ ക്ളാസ്സുകള്‍ക്കും കോച്ചിംഗുകള്‍ക്കും പറഞ്ഞയക്കുന്ന മാതാപിതാക്കള്‍ ഇന്നു ധാരാളമുണ്ട്.

ദൈവഭക്തരെന്നു സ്വയം അവകാശപ്പെടുമ്പോഴും പ്രായത്തിലും ജീവിതത്തിലും ആരാധനയിലും ഇവ ദൃശ്യമല്ല. ലോകമോഹങ്ങളില്‍ നടക്കുന്നവരെയും സഭകളില്‍ കാണാം.

അവരെയും ക്രിസ്തുവിശ്വാസിയെന്നാണ് പേരു ചാര്‍ത്തിയിരിക്കുന്നത്. ദൈവവചനം പറയുന്നു: നേരായി നടക്കുന്നവന്‍ യഹോവ ഭക്തന്‍” (സദൃ.14:2). മുതിര്‍ന്നവര്‍ തങ്ങളുടെ തലമുറകള്‍ക്ക് മാതൃകയായ ജീവിതം ഒന്നും പകര്‍ന്നുകൊടുക്കാറില്ല.

ഇത് ആത്മീയ ജീവിതത്തിലെ പാളിച്ചയാണ്. ആവശ്യത്തിനും അനാവശ്യത്തിനും പണവും പ്രശസ്തിയും ഉള്ളപ്പോള്‍ ദൈവസന്നിധിയില്‍ താഴുവാന്‍ ബുദ്ധിമുട്ടാകുന്നു.

എല്ലാം നേടിയെന്നു കരുതുന്നവര്‍ ദൈവത്തില്‍ നിന്നുമുള്ള ശരിയായ അനുഗ്രഹങ്ങളും കൃപകളും പ്രാപിച്ചുവോ എന്ന് സംശയമാണ്. കര്‍ത്താവിന്റെ കല്‍പ്പനകള്‍ എല്ലാം ഇന്നു അനുസരിക്കുവാന്‍ സമയം കാണുന്നില്ല. സ്നാനപ്പെട്ടതുകൊണ്ട് മാത്രം ക്രൈസ്തവനാകുന്നില്ല.

മറ്റു മതക്കാരെയും നാമധേയക്രൈസ്തവരെയും താരതമ്യം ചെയ്യുമ്പോള്‍ എടുത്തുപറയത്തക്ക പ്രത്യേകതകള്‍ ജീവിതശൈലികളില്‍ കാണുന്നതും പെന്തെക്കോസ്തുകാരുടെ ന്യൂനതകളാണ്.

മാതാപിതാക്കളുടെ ജീവിതചര്യകള്‍ തന്നെയാണ് കുട്ടികള്‍ ആദ്യം പകര്‍ത്തുന്നത്.

തങ്ങളുടെ രക്ഷിതാക്കള്‍ എപ്രകാരമാണെന്നും അവരുടെ ജീവിതം തങ്ങളുടെ കണ്‍മുന്‍പില്‍ വരച്ചുകാട്ടിയിട്ടുള്ളതും കുട്ടികള്‍ വീടുവിട്ടാലും മറക്കുകയില്ല. വീടുകളിലും സഭകളിലും പൊതുസ്ഥലത്തും ജീവിതശൈലി ആത്മീകതയുള്ളതായിരിക്കണം. സ്നേഹം, ദയ, യഹോവാ ഭക്തി, കരുണ, വിശ്വസ്തത, താഴ്മ മുതലായ ഗുണങ്ങള്‍ ഉണ്ടായിരിക്കണം.

ഇവയൊക്കെയാണ് രക്ഷിക്കപ്പെടാത്തവരും രക്ഷിക്കപ്പെട്ടവരും തമ്മിലുള്ള വ്യത്യാസം. അത് പൊതുസമൂഹത്തിന് നമ്മെക്കുറിച്ച് നല്ലമതിപ്പുണ്ടാകണം.

അങ്ങനെ ഉണ്ടാകാത്തതാണ് സുവിശേഷീകരണം നാം വിചാരിക്കുന്നതുപോലെ വിജയിക്കാത്തത്. ഈ അവസ്ഥ ഏറ്റവും പരിതാപകരമാണ്. നമ്മള്‍തന്നെ മാതൃക കാട്ടുക. കുട്ടികളും അവ അനുകരിക്കും. അപ്പോള്‍ കാര്യങ്ങള്‍ ശുഭകരമായിത്തീരും.
പാസ്റ്റര്‍ ഷാജി. എസ്.