പ്രവര്‍ത്തന രഹിതമായ മൊബൈല്‍ നമ്പരുകള്‍ക്ക് ഇനി പിടി വീഴും
ന്യൂഡെല്‍ഹി: പ്രവര്‍ത്തന രഹിതമായ മൊബൈല്‍ നമ്പരുകള്‍ കൈവശം വെച്ചാല്‍ ഇനി പിടി വീഴും. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനായി ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ക്ക് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തുന്നു.
ഒരു നമ്പറിന് ഒറ്റത്തവണ നിശ്ചിത ഫീസ് ഈടാക്കുകയോ സേവന ദാദാക്കള്‍ക്ക് അനുവദിച്ച നമ്പരുകളുടെ ശ്രേണിക്ക് വര്‍ഷം വര്‍ഷം തുക ഈടാക്കുകയോ ചെയ്യുന്ന തരത്തില്‍ പരിഷ്ക്കാരം കൊണ്ടു വരാനും ശ്രമമുണ്ട്. പുതിയ ശ്രേണിയുടെ ഫാന്‍സി നമ്പരുകള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ ലേലവും പരിഗണനയിലുണ്ട്.
പ്രവര്‍ത്തന രഹിതമായ നമ്പരുകള്‍ റദ്ദു ചെയ്യാതെ തുടരുകയോ പുതിയവയ്ക്കായി ആവശ്യമുന്നയിക്കുകയും ചെയ്യുന്നത് കണക്കിലെടുത്താണ് നടപടി.
മൊബൈല്‍ നമ്പരുകളുടെ എണ്ണം നിയന്ത്രിക്കുവാന്‍ ഇതിലൂടെ സാധിക്കുമെന്നും കണക്കു കൂട്ടുന്നു. നിര്‍ദ്ദിഷ്ട കാലയളവിലേക്ക് സേവന ദാതാവിന് സ്പെക്ട്രം ഉപയോഗിക്കാന്‍ അനുമതി നല്‍കുകയാണ് നിലവിലെ രീതി.
കഴിഞ്ഞ ഡിസംബറില്‍ നിലനില്‍ വന്ന പുതിയ ടെലികോം നയമനുസരിച്ച് നമ്പരുകള്‍ക്ക് നിശ്ചിത ഫീസ് ഇടാക്കാനും സജീവ ഉപയോഗത്തിലില്ലാത്ത സിം കാര്‍ഡുകള്‍ റദ്ദാക്കാതെ സേവന ദാതാക്കള്‍ക്ക് പിഴ ചുമത്തുന്നതും ട്രായ് പരിഗണനയിലുണ്ട്.
രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന പലര്‍ക്കും ഒരെണ്ണം മാത്രമാണ് കൃത്യമായ ഇടവേളകളില്‍ റീചാര്‍ജ്ജ് ചെയ്യുക. ഈ സാഹചര്യത്തില്‍ മറ്റേ സിം കാര്‍ഡ് റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാവുന്നതാണ് ട്രായിയുടെ പുതിയ നിര്‍ദ്ദേശം.
എന്നാല്‍ മൊബൈല്‍ നമ്പറിന് ഫീസ് ഏര്‍പ്പെടുത്തുന്നത് ഉപഭോക്താക്കള്‍ക്കുമേല്‍ കൂടുതല്‍ സാമ്പത്തിക ഭാരം അടിച്ചേര്‍പ്പിക്കാനേ ഇതുകൊണ്ടു സാധിക്കുമെന്നുമാണ് സേവന ദാതാക്കളുടെ വാദം.