മഴക്കാലത്തു പാലിക്കേണ്ട ഭക്ഷണ ക്രമീകരണങ്ങള്‍
മഴക്കാലം അണുബാധകള്‍, ദഹന പ്രശ്നങ്ങള്‍, അലര്‍ജികള്‍ എന്നിവ കൂടുതലായി കാണപ്പെടുന്ന ഒരു സമയമാണ്. കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തണം. ശരീരത്തിനു രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന കാലം കൂടിയാണ് മഴക്കാലം.
ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. മഴക്കാലത്ത് വയറിളക്കം, ഛര്‍ദ്ദി പോലുള്ള ദഹന വൈഷമ്യങ്ങളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ വേവിക്കാത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം.
കുടിക്കുന്ന വെള്ളം തിളപ്പിച്ചതായിരിക്കണം. ഭക്ഷണം ചെറു ചൂടോടുകൂടി വേണം കഴിക്കാന്‍. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഓറഞ്ച്, നാരങ്ങാ, കിവി തുടങ്ങിയ പഴങ്ങള്‍ വിറ്റാമിന്‍ സിയുടെ മികച്ച കലവറകളാണ്.
മഴക്കാലത്ത് പുറത്തുനിന്നുള്ള ഭക്ഷണങ്ങളും കഴിവതും ഒഴിവാക്കണം. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളാണ് തട്ടുകടകളിലും മറ്റും കിട്ടുന്നത്. ഇവ ദഹനപ്രശ്നങ്ങള്‍ക്കിടയാക്കും. ദാഹം അനുഭവപ്പെടുന്നില്ലെങ്കില്‍പോലും ആവശ്യത്തിനു വെള്ളം കുടിക്കണം.
മറ്റു രോഗങ്ങള്‍ ഇല്ലാത്തവര്‍ ആറ് മുതല്‍ എട്ട് ഗ്ളാസ്സ് വെള്ളം വരെ കുടിക്കണം. മഴക്കാലത്ത് ഫ്രൂട്ട്സ് ജ്യൂസുകള്‍ നല്ലതാണ്. ഇവ വീട്ടില്‍ത്തന്നെ ഉണ്ടാക്കി കഴിക്കുക.
ഇലക്കറികള്‍ക്കായി ഉപയോഗിക്കുന്ന സാധനങ്ങള്‍ നന്നായി കഴുകിയതിനുശേഷം ഉപയോഗിക്കുക. കാരണം മഴക്കാലത്ത് ഇലകളില്‍ ബാക്ടീരിയ, ഫംഗസ് ബാധ കൂടുതലായിരിക്കും.

