ക്യാന്‍സര്‍ കോശങ്ങളെ കൊല്ലാന്‍ യിസ്രായേലിന്റെ പരീക്ഷണം വിജയം
യെരുശലേം: മനുഷ്യനെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ക്യാന്‍സര്‍ എന്ന മാരക രോഗത്തിനെതിരായി ശാസ്ത്രജ്ഞന്മാരുടെ പുതിയ ചികിത്സാ പരീക്ഷണം വിജയം.
ജനിതക എഡിറ്റിംഗ് വഴി വികസിപ്പിച്ചെടുത്ത ചികിത്സാ രീതി എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് വിജയം കണ്ടത്. യിസ്രായേലിലെ ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ വിദഗ്ദ്ധരാണ് ഈ നേട്ടത്തിനു പിന്നില്‍ . ജീന്‍ എഡിറ്റിംഗ് ടൂളുകള്‍ ഉപയോഗിച്ച് ക്യാന്‍സര്‍ ബാധിച്ച സെല്ലുകളെ മാത്രം കൊല്ലുന്ന രീതി ഇതാദ്യമായിട്ടാണ് പരീക്ഷിക്കപ്പെടുന്നത്.
ഡി.എന്‍ .എ.യില്‍ നടത്തുന്ന ജനിതക എഡിറ്റിംഗ് വഴി ക്യാന്‍സര്‍ സെല്ലുകളെ കൊല്ലുന്ന ക്രിസ്പര്‍ കാസ്-9 (സിആര്‍ഐഎസ്പിആര്‍ കാസ്-9) ചികിത്സ എലികളില്‍ പരീക്ഷണം നടത്തി വിജയിച്ചെന്നും ഇനി മനുഷ്യരില്‍ ഈ പരീക്ഷണം നടത്തണമെന്നും പ്രൊഫസര്‍ ഡാന്‍ പീറിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം പറയുന്നു.
രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ ചികിത്സാ രീതി മനുഷ്യരില്‍ പരീക്ഷിക്കുന്നതോടെ കീമോ തെറാപ്പി എന്നെന്നേക്കുമായി അവസാനിക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു. അടുത്തിടെ ജെന്നിഫര്‍ ഡീഡ്നായേയും, ഇമ്മാനുവേല്‍ കാര്‍പെന്ററേയും രസതന്ത്രത്തിന് നോബല്‍ സമ്മാനത്തിനു അര്‍ഹരാക്കിയ ജനിതക എഡിറ്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനത്തിലാണ് ക്യാന്‍സറിനെ ഇല്ലാതാക്കാനുള്ള ഗവേഷണങ്ങളിലേക്ക് നയിക്കപ്പെട്ടത്.
ക്യാന്‍സര്‍ സെല്ലുകളെയും, കൊഴുപ്പു നിറഞ്ഞ ചെറിയ ഭാഗങ്ങളെയും തിരിച്ചറിഞ്ഞ് അവയെ ആക്രമിക്കുന്ന ആര്‍ എം എ സന്ദേശങ്ങള്‍ നല്‍കുന്ന കുത്തിവെയ്പുകളാണ് ഇതിന്റെ രീതിയെന്ന് പീര്‍ പറയുന്നു. നൂറുകണക്കിന് എലികളിലാണ് ഇതാദ്യം പരീക്ഷണം നടത്തിയത്. ഇതിനെത്തുടര്‍ന്ന് ഈ ചികിത്സ ഫലിച്ച എലികളില്‍ ക്യാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് പ്രതീക്ഷിച്ച ആയുര്‍ദൈര്‍ഘ്യത്തിന്റെ രണ്ടു മടങ്ങാണ് കണ്ടത്. ഈ ചികിത്സാ രീതിയെ എല്ലാ ക്യാന്‍സറിനും വേണ്ടി ഉപയോഗപ്പെടുത്താനാണ് പീറും കൂട്ടരും ലക്ഷ്യമിടുന്നത്. രോഗിയുടെ ബയോപ്സി അനുസരിച്ചായിരിക്കും ചികിത്സ നിശ്ചയിക്കുക. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ വിപ്ളവം തന്നെ സൃഷ്ടിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

