ബംഗ്ലാദേശില്‍ 10 പസ്റ്റര്‍മാര്‍ക്ക് വധ ഭീഷണി
ധാക്ക: മത മൌലിക വാദികളുടെ ആക്രമണങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ബംഗ്ലാദേശില്‍ 10 പാസ്റ്റര്‍മാര്‍ക്ക് വധ ഭീഷണി മുഴക്കിയ ഊമക്കത്ത് ലഭിച്ചു. വടക്കന്‍ ബംഗ്ലാദേശിലെ രംഗപൂരില്‍ വിവിധ സ്ഥലങ്ങളില്‍ കര്‍ത്താവിന്റെ വേല ചെയ്യുന്ന 10 പാസ്റ്റര്‍മാരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയുള്ള ഊമക്കത്ത് രംഗപൂര്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ പാസ്റ്റര്‍ക്ക് ലഭിക്കുകയുണ്ടായി.
കഴിഞ്ഞ നവംബര്‍ 25-ന് റവ. ബര്‍ണബാസ് ഹെംബ്രോമിനു ലഭിച്ച ഊമക്കത്തില്‍ പ്രദേശത്ത് ക്രൈസ്തവ പ്രവര്‍ത്തനങ്ങളും, സുവിശേഷ പ്രസംഗങ്ങളും നടത്തുന്ന എല്ലാവരേയും ഈ ലോകത്തുനിന്ന് ഓരോരുത്തരായി ഇല്ലാതാക്കുമെന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. സമീപകാലത്ത് ബംഗ്ലാദേശില്‍ ചില ബ്ലോഗ് എഴുത്തുകാരെ വെട്ടിയും കുത്തിയുമൊക്കെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ ഉണ്ടായതിനാല്‍ ഈ ഊമക്കത്ത് പോലീസ് വളരെ ഗൌരവത്തോടെ കാണുകയാണ്.
പേര് പരാമര്‍ശിക്കപ്പെട്ട പാസ്റ്റര്‍മാര്‍ക്കും സഭകള്‍ക്കും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഊമക്കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവ സമൂഹം വളരെ ആശങ്കയിലാണ് കഴിയുന്നത്. നവംബര്‍ 25-നു തന്നെ തെക്കന്‍ ബംഗ്ലാദേശിലെ ഫരീദ്പൂര്‍ ജില്ലയില്‍ ക്രിസ്ത്യന്‍ -ഹിന്ദു-ബുദ്ധിസ്റ്റ് സംയുക്ത സമിതിയുടെ സെക്രട്ടറി ജനറലായ അലോക് സെന്നിനെ തന്റെ വീട്ടിനു മുമ്പില്‍ വെച്ച് അജ്ഞാതരായ രണ്ടു യുവാക്കള്‍ വാഹനത്തിലെത്തി കൈയ്യും കാലുകളും വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. ഭാര്യ ബഹളം വെച്ചതിനാല്‍ അക്രമികള്‍ രക്ഷപെടുകയുണ്ടായി.
പരിക്കേറ്റ അലോകിനെ ഫരീദ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ഇദേഹം ചില ദിവസത്തെ വിദഗ്ദ്ധ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല. ഇസ്ലാമിക രാഷ്ട്രമായ ബംഗ്ലാദേശില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ആക്രമണങ്ങളക്കിരയാകുന്നുണ്ട്.

