മതനിന്ദാ കുറ്റം: അഞ്ചു വര്‍ഷത്തിനുശേഷം ക്രിസ്ത്യന്‍ യുവാവിനു ജാമ്യം
ലാഹോര്‍ : പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം ചുമത്തപ്പെട്ട് അറസ്റ്റിലായ ക്രൈസ്തവ യുവാവിന് ലാഹോര്‍ ഹൈക്കോടതി അഞ്ചു വര്‍ഷത്തിനുശേഷം ജാമ്യം അനുവദിച്ചു.
ലാഹോറില്‍നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള കസൂര്‍ നഗരത്തിലെ താമസക്കാരനായ നബീല്‍ മസിഹിനാണ് ജാമ്യം ലഭിച്ചത്.
നബീല്‍ 2016-ല്‍ പതിനാറു വയസ്സുള്ളപ്പോഴാണ് പോലീസ് അറസ്റ്റു ചെയ്തത്. മതത്തെ നിന്ദിക്കുന്ന പോസ്റ്റ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചു എന്ന കുറ്റം ആരോപിച്ചു മറ്റൊരാള്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി.
പോസ്റ്റിന്റെ ഉറവിടം നബീല്‍ അല്ലെന്നു ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
പ്രദേശത്തെ മത നേതാക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി എടുത്ത കേസാണിത്. അറസ്റ്റു ചെയ്ത സമയത്ത് പാലിക്കേണ്ട നടപടികള്‍ പോലീസ് ചെയ്തില്ല.
ഒരു കാരണവുമില്ലാതെ കേസും വിചാരണയും നീട്ടുന്നതുമൂലം നബീല്‍ വര്‍ഷങ്ങളായി ജയിലില്‍ ദുരിതമനുഭവിക്കുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞു.