മാര്‍പാപ്പയും, പെന്തക്കോസ്തു പാസ്റ്റര്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി
വത്തിക്കാൻ : ഫ്രാന്‍സിസ് മാര്‍പാപ്പയും ഇറ്റലിയിലെ പെന്തക്കോസ്തു സഭാ പാസ്റ്റര്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി.
കാസാ സാന്റാ മാര്‍ട്ടയില്‍ വെച്ച് പോപ്പിന്‍റെ ബാല്യകാല സുഹൃത്തും, ഇറ്റലിയിലെ പെന്തക്കോസ്തു സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റര്‍ ഗിയോവന്നി ട്രായിറ്റിനോയുടെ നേതൃത്വത്തിലുള്ള 7 അംഗ പാസറ്റര്‍മാരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ട്രായിറ്റിനോ ഇപ്പോള്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് റിക്കണ്‍സിലിയേഷന്‍ സഭയുടെ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു.
രണ്ടു വര്‍ഷം മുമ്പ് പോപ്പ് ഇറ്റലിയിലെ കസാര്‍ട്ട നഗരത്തിലെ ട്രോയിറ്റിനോയുടെ സഭയില്‍ സന്ദര്‍ശനം നടത്തിയിരുന്ന സംഭവം ലോക ശ്രദ്ധ നേടിയിരുന്നു. പെന്തക്കോസ്തു സഭകളുമായി സഹകരിക്കേണ്ട മേഖലകളല്‍ ഒന്നിച്ചു കൈകോര്‍ക്കാമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പാ അന്നു പറഞ്ഞിരുന്നു. അതിന്‍റെ തുടര്‍ച്ചയെന്നോണമാണ് പാസ്റ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തിയത്.
പോപ്പ് തന്നെ ഒരു സഹോദരനും സഹൃത്തുമായി കണ്ടതില്‍ സന്തോഷമുണ്ടെന്നും കത്തോലിക്കരും, പെന്തക്കോസ്തുകാരും തമ്മിലുള്ള സംഭാഷണത്തിന്‍റെ വേഗത കൂട്ടണമെന്നും ട്രായിറ്റിനോ സംഭാഷണത്തിനുശേഷമായി പറഞ്ഞു. “തന്‍റെ ഹൃദയത്തെ തൊട്ടതായി” പോപ്പും തുടര്‍ന്നു അഭിപ്രായപ്പെട്ടു. ഇനിയും ഐക്യത്തിന്‍റെ പാതയില്‍ മുന്നോട്ടു പോകുന്നതിനെക്കുറിച്ചു ചിന്തിക്കാമെന്നും പോപ്പ് പറഞ്ഞു. വത്തിക്കാന്‍ റേഡിയോയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

