ഗുജറാത്ത് രാജസ്ഥാന്‍ കൃഷി സ്ഥലങ്ങളില്‍ നാശം വിതച്ച് വെട്ടുക്കിളികള്‍

ഗുജറാത്ത് രാജസ്ഥാന്‍ കൃഷി സ്ഥലങ്ങളില്‍ നാശം വിതച്ച് വെട്ടുക്കിളികള്‍

Breaking News India

ഗുജറാത്ത് രാജസ്ഥാന്‍ കൃഷി സ്ഥലങ്ങളില്‍ നാശം വിതച്ച് വെട്ടുക്കിളികള്‍
അഹമ്മദാബാദ്: ഇന്ത്യയുടെ പടിഞ്ഞാറന്‍ സംസ്ഥാനമായ ഗുജറാത്ത്, രാജസ്ഥാന്‍ കൃഷി സ്ഥലങ്ങളില്‍ നാശം വിതച്ച് വെട്ടിക്കിളികളുടെ ആക്രമണം.

സര്‍ക്കാരിനെയും കൃഷിക്കാരെയും ഒരുപോലെ ദുരിതത്തിലാക്കിയ വെട്ടുക്കിളി ശല്യം ഉണ്ടായത് ഡിസംബര്‍ മദ്ധ്യത്തോടെയായിരുന്നു. ബനസ്ക്കാന്ത, പഠാന്‍ ‍, സഹേസന ജില്ലകളിലെ ഗ്രാമങ്ങളിലായിരുന്നു വെട്ടുക്കളികളുടെ രൂക്ഷമായ ആക്രമണം.

ഡിസംബര്‍ 14-നായിരുന്നു ഇവയുടെ സാന്നിദ്ധ്യം കര്‍ഷകര്‍ തിരിച്ചറിഞ്ഞത്. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍നിന്നും കൂട്ടത്തോടെ ഇന്ത്യന്‍ മണ്ണില്‍ ഇരച്ചു കയറുകയായിരുന്നു വെട്ടുക്കിളികളെന്ന് ഗ്രാമീണര്‍ പറഞ്ഞു. തുടര്‍ന്നു ഇവയുടെ സാന്നിദ്ധ്യം കഠിനമായി പെരുകി. കൃഷിസ്ഥലങ്ങളിലെ വിളകളും ഇലകളും തിന്നു നശിപ്പിക്കുകയായിരുന്നു.

പ്രധാന വിളകളായ ഗോതമ്പ്, കടുക് ചെടി, കരിമ്പ്, പരുത്തി, ഉരുളക്കിഴങ്ങ്, ഗ്രനാഗ, പെരുഞ്ചീരകം, മല്ലി തുടങ്ങിയ കൃഷിസ്ഥലങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തുകയുണ്ടായി.
ഗുജറാത്തില്‍ മാത്രം 16,000 ഹെക്ടര്‍ കൃഷിസ്ഥലങ്ങളില്‍ 7,000 ഹെക്ടറിലും വെട്ടുക്കിളികളുടെ സാന്നിദ്ധ്യമുണ്ടായി. ഇതില്‍ 6,000 ഹെക്ടറുകളില്‍നിന്നും വെട്ടുക്കിളികളെ തുരത്തിയതായി സംസ്ഥാന അഗ്രിക്കള്‍ച്ചറല്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പൂനം ഛന്ദ്പാര്‍മര്‍ പറഞ്ഞു.

രാജസ്ഥാനിലെ ജയ്സാല്‍മര്‍ ‍, ബാര്‍മര്‍ ‍, ജലോര്‍ ‍, ജോധ്പൂര്‍ പ്രദേശങ്ങളിലും വെട്ടുക്കിളികളുടെ ആക്രമണമുണ്ടായി. 3,200 ഹെക്ടറില്‍ കൃഷികള്‍ നശിച്ചു. കേന്ദ്ര സര്‍ക്കാര്‍ വെട്ടുക്കിളികളെ പ്രതിരോധിക്കാനായി 11 സംഘങ്ങളെയും അയയ്ക്കുകയുണ്ടായി.

കേന്ദ്ര സംസ്ഥാന വകുപ്പുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വ്യാപകമായി കീടനാശിനികളും മറ്റു പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തിയത് ഫലം കാണുകയുണ്ടായി. കൂടാതെ നാട്ടുകാര്‍ തന്നെ ടയറുകളും മറ്റും കൂട്ടിയിട്ട് തീയിട്ടും, ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയും, സ്റ്റീല്‍ പാത്രങ്ങള്‍ കൊട്ടിയും വിവിധ മരുന്നുകള്‍ സ്പ്രേ ചെയ്തുമൊക്കെ വെട്ടുക്കിളികളെ തുരത്താന്‍ ഉള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയെങ്കിലും ഒരു പരിധിവരെ വെട്ടുക്കിളികളെ തുരത്തുവാന്‍ കഴിഞ്ഞുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി മാധ്യമങ്ങളോടു പറഞ്ഞു. നേരത്തെയും വെട്ടുക്കിളികളുടെ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇത്രയും രൂക്ഷമായത് ഇത്തവണയാണ്.

യഹോവയായ ദൈവം യിസ്രായേല്‍ മക്കളെ മിസ്രയിമില്‍നിന്നും വിടുവിക്കാനായി ഫറവോനെയും മിസ്രയിമിനെയും പാഠം പഠിപ്പിക്കാനായി മിസ്രയിമില്‍ അയച്ച പത്തു ബാധകളിലൊന്നാണ് വെട്ടുക്കിളി. ഈ അടുത്തകാലത്ത് ചില ആഫ്രിക്കന്‍ രാഷ്ട്രങ്ങളെയും ഏഷ്യന്‍ രാഷ്ട്രങ്ങളെയുംവരെ വെട്ടുക്കിളികളുടെ ആക്രമണമുണ്ടായിട്ടുണ്ട്.