ലോകാവസാനം ഭയന്ന് ആറ് മക്കളെ 9 വര്‍ഷം രഹസ്യ അറയില്‍ പാര്‍പ്പിച്ചു

ലോകാവസാനം ഭയന്ന് ആറ് മക്കളെ 9 വര്‍ഷം രഹസ്യ അറയില്‍ പാര്‍പ്പിച്ചു

Breaking News Europe

ലോകാവസാനം ഭയന്ന് ആറ് മക്കളെ 9 വര്‍ഷം രഹസ്യ അറയില്‍ പാര്‍പ്പിച്ചു
ലോകാവസാനം ഉണ്ടാകുമെന്ന് ഭയന്ന് ഒരു പിതാവ് ആറ് മക്കളെ ഒമ്പത് വര്‍ഷം വീട്ടിലെ രഹസ്യ അറയില്‍ പാര്‍പ്പിച്ചത് ഏവരെയും അമ്പരിപ്പിച്ചു.

ഹോളണ്ടിലെ ഡെന്ത്ര പ്രവിശ്യയിലെ റുയിനര്‍വോള്‍ഡ് എന്ന ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ലോകാവസാനം ഉണ്ടാകുമ്പോള്‍ മക്കള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാനായി പിതാവ് ഫാം ഹൌസിനടിയിലെ രഹസ്യ മുറിയില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്ന കുട്ടികളെ നോക്കുവാനും ഫാം ഹൌസിന്റെ കാര്യങ്ങള്‍ നോക്കുവാനും ഇയാള്‍ ഒരു ജോലിക്കാരനെയും വച്ചിരുന്നു.

പച്ചക്കറി കൃഷിയും മൃഗപരിപാലനവുമുണ്ടായിരുന്നു ഈ ഫാം ഹൌസില്‍ ‍. 16 മുതല്‍ 25 വയസുവരെയുള്ള കുട്ടികളാണിവിടെ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം മൂത്ത മകന്‍ ഇവിടെനിന്നും പുറത്തു കടന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവം പുറം ലോകം അറിയുന്നത്.

പുറത്തിറങ്ങിയ മകന്‍ ഒരു ബാറിലാണ് എത്തിച്ചേര്‍ന്നത്. ബിയര്‍ ആവശ്യപ്പെട്ട യുവാവ് വീട്ടില്‍ സഹോദരങ്ങളെ പൂട്ടിയിട്ടിരിക്കുകയാണെന്നും പറഞ്ഞു. തലമുടിയും താടിയും നീണ്ട് മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് പ്രാകൃത വേഷത്തിലായിരുന്നു യുവാവ്.

സംഭവം ആദ്യം വിശ്വസിക്കാന്‍ മടിച്ച ബാറിലെ ആളുകള്‍ തുടര്‍ന്നു പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് എത്തി വീട് പരിശോധിക്കുകയും ചെയ്തു.

പോലീസ് ഫാം ഹൌസ് ജീവനക്കാരനെ കാണുകയും ഇയാള്‍ പറഞ്ഞതനുസരിച്ച് ഒരു അലമാരയ്ക്കുള്ളില്‍ക്കൂടി കുട്ടികളെ പാര്‍പ്പിച്ചിരുന്ന രഹസ്യ അറയിലേക്ക് കടന്ന് കുട്ടികളെ ഉടന്‍തന്നെ പുറത്തുകൊണ്ടുവന്നു. ഇത്രയും നാളും അറയ്ക്കുള്ളില്‍ കഴിഞ്ഞിരുന്ന കുട്ടികള്‍ക്ക് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലായിരുന്നു.

അതിന്റെ മാനസിക പ്രശ്നങ്ങളും ഉണ്ട്. കുട്ടികള്‍ക്ക് വിദ്യാഭ്യാസവും നിഷേധിച്ചിരുന്നു. ഈ ഫാമിനെ ഗ്രാമവുമായി വേര്‍തിരിക്കാന്‍ ഒരു കനാലുമുണ്ട്. ഇതിന്റെ പാലം കടന്നു വേണം ഫാമിലെത്തുവാന്‍ ‍.

ഇടയ്ക്കു പല തൊഴിലാളികളും ഫാമിലെത്താറുണ്ടെങ്കിലും കുട്ടികളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ഇവരുടെ മറുപടി. കുട്ടികളുടെ 58-കാരനായ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. മാതാവിനെക്കുറിച്ച് വിവരങ്ങളില്ല.