യേശുവിനെ സ്വീകരിച്ചതിന് യുവതിയെ ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ചു

യേശുവിനെ സ്വീകരിച്ചതിന് യുവതിയെ ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ചു

Africa Breaking News

യേശുവിനെ സ്വീകരിച്ചതിന് യുവതിയെ ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ചു

കമ്പാല: ഇസ്ളാം മതംവിട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന് യുവതിയെ ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ചു.

കിഴക്കന്‍ ഉഗാണ്ടയില്‍ ഈസ്റ്റര്‍ ദിനത്തിലായിരുന്നു ദാരുണ സംഭവം. മയൂഗ ജില്ലയിലെ ലേക് വിക്ടോറിയയില്‍ സിരിത്യബി ദ്വീപ് നിവാസിയായ സൈന ജിമ്പോ (26) എന്ന യുവതിയ്ക്കാണ് ക്രൂരമായി വെട്ടേറ്റത്. സൈന ഏപ്രില്‍ 2-നാണ് രക്ഷിക്കപ്പെട്ട് ക്രിസ്തുവിനെ സ്വീകരിച്ചത്. സൈനയുടെ ഭര്‍ത്താവ് ജാമിരു മവിമ മത്സ്യബന്ധന തൊഴിലാളിയാണ്.

ഏപ്രില്‍ 17-ന് ഞയറാഴ്ച ഭര്‍ത്താവ് പതിവുപോലെ മീന്‍ പിടുത്തത്തിനായി പോയശേഷം രഹസ്യമായി സൈന അടുത്തുള്ള ഒരു ദൈവസഭയില്‍ ആരാധനയ്ക്കു പോയി. ആദ്യമായാണ് സൈന ഒരു ക്രൈസ്തവ ആത്മീക കൂട്ടായ്മയില്‍ പങ്കെടുക്കുന്നത്. അവിടത്തെ ദൈവമക്കളുടെ സ്നേഹവും ആരാധനയും കണ്ട് വലിയ സന്തോഷം അനുഭവിച്ച് കയ്യില്‍ ബൈബിളുമായി വീട്ടില്‍ തിരികെ വന്നു. എന്നാല്‍ കുറച്ചു സമയത്തിനുശേഷം ഭര്‍ത്താവ് വീട്ടില്‍ തിരികെ വന്നു.

വളരെ കോപാകുലനായി സൈനയോട് പകല്‍ പോയ വിവരങ്ങളും ക്രിസ്തു വിശ്വാസത്തെപ്പറ്റിയും ചോദിച്ചു. എന്നാല്‍ സൈന മൌനം പാലിച്ചു. മറുപടി കിട്ടാത്തതില്‍ ജാമിരു സൈനയെ ക്രൂരമായി മര്‍ദ്ദിക്കുകയും കലി അടങ്ങാതെ മൂര്‍ച്ചയുള്ള കത്തി എടുത്ത് തുടരെ വെട്ടുകയും ചെയ്തു. രക്തം വാര്‍ന്നൊലിച്ച സൈന താഴെവീണു അബോധാവസ്ഥയിലായി. വിവരം അറിഞ്ഞ് അയല്‍പക്കക്കാര്‍ ഓടിയെത്തി. ഈ സമയം ജാമിരു ഓടി രക്ഷപെട്ടു.

ഉടന്‍തന്നെ ചില ക്രൈസ്തവ സഹോദരങ്ങള്‍ സൈനയെ ബിവേണ്ട ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ നിലനിര്‍ത്തുവാന്‍ സാധിച്ചു. പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഭര്‍ത്താവ് ഒളിവാലാണ്. സൈന ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നു വരാന്‍ കാരണം ഒരു സ്ത്രീയാണ്. ഇവരുടെ പേര് സുരക്ഷ മൂലം പുറത്തുവിട്ടിട്ടില്ല.

ജമാരു പിടിച്ചുകൊണ്ടു വരുന്ന മത്സ്യം സൈന വില്‍ക്കുന്നത് ഇഗാങ്ങ നഗരത്തിലെ മത്സ്യമൊത്തക്കച്ചവടക്കാരിയായ ഈ സ്ത്രീയ്ക്കാണ്. ഇവര്‍ മുസ്ളീം കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ടതാണ് ഇവര്‍ 2017-ല്‍ രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനിയായി രഹസ്യമായി കര്‍ത്താവിനെ ആരാധിച്ചു വരികയാണ്.

സൈനയുമായി ഏറെ നാളത്തെ പരിചയുമുള്ളതിനാല്‍ ഈ മത്സ്യ വ്യാപാരി സ്ത്രീ തന്റെ രഹസ്യ ക്രൈസ്തവ വിശ്വാസം സൈനയുമായി കഴിഞ്ഞ മാര്‍ച്ച് 27-ന് പങ്കുവെച്ചു. തുടര്‍ന്നു സൈനയോട് സുവിശേഷവും പങ്കുവെച്ചു. ഇതേത്തുടര്‍ന്നാണ് ഒരാഴ്ചയ്ക്കുള്ളില്‍ സൈന കര്‍ത്താവിങ്കലേക്ക് കടന്നുവരാനിടയായത്. ദൈവകൃപയാല്‍ സൈന ഇപ്പോള്‍ അപകടനില തരണം ചെയ്തു. വേഗം മുറിവുണങ്ങി സൌഖ്യം പ്രാപിച്ച് കുടുംബവുമായി കര്‍ത്താവിനെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കേണ്ടതിനായി ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

ജാമിരു-സൈന ദമ്പതികള്‍ക്ക് 5 വയസ്സുള്ള മകളും 4 വയസ്സുള്ള മകനുമുണ്ട്. ഉഗാണ്ടയില്‍ മുസ്ളീം ജനസംഖ്യ 12 ശതമാനത്തില്‍ കൂടുതലില്ല. എങ്കില്‍പോലും മുസ്ളീങ്ങളില്‍നിന്നും നിരവധി പേരാണ് ദിനംപ്രതി ക്രിസ്തുവിങ്കലേക്ക് കടന്നു വരുന്നത്. ഇതില്‍ ഭൂരിപക്ഷത്തിനും സ്വന്തം ബന്ധുക്കളില്‍നിന്നുമാണ് കൂടുതലായി എതിര്‍പ്പുകളും ആക്രമണങ്ങളും ഉണ്ടാകുന്നത്.